മെയിൻപുരി∙ അഞ്ചു പേർ വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മെയിൻപുരിയില്‍ ഞായറാഴ്ചയാണ് സംഭവം. സർവേഷ് ദിവാകറാണ് കൊല്ലപ്പെട്ടത്. ആശുപത്രിയിൽ വച്ചാണ് ദിവാകർ മരിച്ചത്. സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
മിഠായി വിൽപനക്കാരനായ ദിവാകർ മെയിൻപുരിയിലെ വാടകവീട്ടിൽ 16 വയസുള്ള മകളോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രാദേശിക സ്കൂളിൽ പഠിക്കുന്ന മകൾ വീട്ടുജോലികൾക്കും പോയിരുന്നു. കുറച്ചുനാൾ മുൻപ് ദിവാകർ തന്റെ മകളെ ബന്ധുക്കളോടൊപ്പം താമസിക്കാൻ പറഞ്ഞയച്ചു. എന്നാൽ ദിവാകർ മകളെ വിറ്റതായി പ്രദേശത്ത് കിംവദന്തി പ്രചരിക്കാൻ തുടങ്ങി. ഈ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാകാം ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ അഞ്ചുപേർ ചേർന്ന് വീടിന്റെ ടെറസിൽ ദിവാകറിനെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നത് കാണാം. ദിവാകർ അടികൊണ്ട് നിലത്തു വീണിട്ടും ആക്രമണം അവസാനിക്കുന്നില്ല. ഇതിന്റെ വിഡിയോ സമാജ്‌വാദി പാർട്ടി ട്വീറ്റ് ചെയ്യുകയും ഒരു വലതുപക്ഷ ഗ്രൂപ്പിന് സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുഷിനഗറിലുള്ള റാംപുർ ബൻഗ്ര ഗ്രാമത്തിൽ സ്കൂൾ അധ്യാപകനെ വീട്ടിൽ കയറി വെടിവച്ചു കൊന്നയാളെ പൊലീസ് സാന്നിധ്യത്തിൽ ജനക്കൂട്ടം അടിച്ചു കൊന്നിരുന്നു.