ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കല്ലട്ര മാഹിന്‍ ഹാജി ലീഗ് നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0
218

കാസർകോട്:(www.mediavisionnews.in) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ മധ്യസ്ഥ ശ്രമം നടത്തിയ കല്ലട്ര മാഹിന്‍ ഹാജി ലീഗ് നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആസ്തികളുടെ വിവരങ്ങളും ബാധ്യതകളുടെ കണക്കുകളും ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അതേസമയം എം. സി കമറുദ്ദീന്‍ എം എല്‍.എക്കെതിരായ പരാതി നിയമസഭാ പ്രവിലേജ് ആന്‍റ് എത്തിക്സ് കമ്മറ്റി അന്വേഷിക്കും. പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കാണിച്ച് എംഎല്‍.എ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

പാണക്കാട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിലായിരുന്നു ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മധ്യസ്ഥ ശ്രമം നടത്താന്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍, മാനേജിംഗ് ഡ‍യറക്ടര്‍ പൂക്കോയ തങ്ങള്‍, മറ്റ് ഡയറക്ടര്‍മാര്‍, ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും മാഹിന്‍ ഹാജി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

സ്ഥാപനത്തിന് പയ്യന്നൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ ആസ്തികളുണ്ട്. കൂടാതെ ഫാഷന്‍ ഗോള്‍ഡ് സ്ഥാപനത്തിന്‍റെ സ്വര്‍ണ്ണം ഉപയോഗിച്ച് മുന്‍ ജീവനക്കാരന്‍ മംഗളൂരുവില്‍ ജ്വല്ലറി ആരംഭിച്ചതായും പറയുന്നു. മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളും അദ്ദേഹത്തിന്‍റെ അടുത്ത ബന്ധുക്കളായ ജീവനക്കാരുമായിരുന്നു സ്ഥാപനത്തിന്‍റെ ദൈനംദിന കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത്. ഇവരില്‍ പലരും വഴിവിട്ട ഇടപെടലുകള്‍ നടത്തിയത് സ്ഥാപനം തകരുന്നതിന് കാരണമായി. ആദ്യ കാലത്തുണ്ടായിരുന്ന പല ഡയറക്ടര്‍മാരും രാജിവെച്ച് നിക്ഷേപം പിന്‍വലിച്ചതും ആസ്തികള്‍ സ്വന്തം പേരിലാക്കിയതും സ്ഥാപനത്തെ നഷ്ടത്തിലാക്കി.

ആസ്തികള്‍ വിറ്റും എം.സി കമറുദ്ദീന്‍റെ സുഹൃത്തുക്കളുടെ സഹായം കൊണ്ടും പണം തിരിച്ച് നല്‍കി നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കല്ലട്ര മാഹിന്‍ ഹാജി പറയുന്നത്. അതേസമയം എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരായ പരാതി നിയമസഭ കമ്മറ്റി അന്വേഷിക്കും. സ്പീക്കര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here