പൗരന്മാരല്ലാതായിട്ട് ഒരു വര്‍ഷം, അപ്പീല്‍ പോലും നല്‍കാനാകാതെ പ്രതീക്ഷയറ്റ് 19 ലക്ഷം ജനങ്ങൾ

0
228

അസമിലെ 19 ലക്ഷം ആളുകള്‍ പൗരന്മാരല്ലാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നുഴഞ്ഞുകയറ്റക്കാരെന്ന് കണ്ടെത്തി പൗരത്വ രജിസ്റ്ററില്‍ നിന്നും  പുറത്താക്കപ്പെട്ടവർ. പട്ടികയില്‍ ഇല്ലാതായവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയുമെന്നായിരുന്നു ഔദ്യോഗികമായി അവർക്ക് ലഭിച്ച അറിയിപ്പ്. അതുവരെ അവര്‍ നുഴഞ്ഞുകയറ്റക്കാരാവില്ലെന്നും വിശദീകരിക്കപ്പെട്ടിരുന്നു. അതായത് സംസ്ഥാന ഫോറിന്‍ ട്രൈബ്യൂണല്‍സിന് മുന്നില്‍ പൗരന്മാരാണെന്ന് സ്ഥാപിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കുമെന്ന ഉറപ്പ്. ഫോറിന്‍ ട്രൈബ്യൂണലിന് മുന്നില്‍ തങ്ങളുടെ പൗരത്വ രേഖകള്‍ അംഗീകരിക്കപ്പെടുമെന്നായിരുന്നു പുറത്താക്കപ്പെടാന്‍ പോകുന്നവരുടെ ആ 19 ലക്ഷം ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ എന്താണ് സ്ഥിതി?

പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താക്കപ്പെട്ടവർക്ക് ഫോറിന്‍ ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാന്‍ അവര്‍ക്ക് എന്‍ ആര്‍ സിയില്‍ നിന്ന് തള്ളപ്പെട്ടതിന്റെ രേഖ വേണമായിരുന്നു. എന്നാല്‍ ‘സ്പീക്കിംഗ് ഓര്‍ഡേഴ്‌സ്’ എന്നുപറയുന്ന രേഖ ഇവര്‍ക്ക്  അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. അതായത് പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതിന്റെ സാമൂഹികവും രാഷ്ട്രീയവും വ്യക്തിപരവുമായ പ്രശ്‌നങ്ങളില്‍ പെട്ടുഴലുകയാണ് അസമിലെ 19 ലക്ഷം ജനങ്ങള്‍.

ഒരേ വീട്ടില്‍ തന്നെ വിദേശിയും സ്വദേശിയുമായി മുദ്ര കുത്തപ്പെട്ടവരുണ്ട്. അത്തരത്തിലൊരു കുടുംബമാണ് ബോഗായ്ഗാവോ ജില്ലയിലെ അഭായപുരി എന്ന സ്ഥലത്തെ 20- കാരനായ റോഹിം അലി. ഇദ്ദേഹത്തിന്റെ അമ്മ വിദേശിയാണെന്ന് ആരോപിച്ച് നാല് വര്‍ഷം തടങ്കല്‍ കേന്ദ്രത്തിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. അമ്മ പുറത്തിറങ്ങിയെങ്കിലും ഇനി എന്ത് ചെയ്യണമെന്ന് റഹിമിന് അറിയില്ല. സഹോദരിയുടെ വിവാഹം പോലും നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് റഹിം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഔദ്യോഗിക കാര്യങ്ങൾക്ക് ഒരു രേഖ പോലും ലഭിക്കുന്നില്ല. ഇങ്ങനെ പല രീതിയില്‍ ബുദ്ധിമുട്ടുന്നവരാണ് ഈ 19 ലക്ഷം ആളുകളില്‍ ബഹുഭൂരിപക്ഷവും

അടുത്ത കാലത്തൊന്നും ഈ രേഖകള്‍ നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്‍ ആര്‍ സിയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഹിതേശ് ദേവ് ശര്‍മ പറയുന്നത്, കോവിഡ് തിരക്കാണ് കാരണമെന്നാണ്.

എന്നാല്‍ ഇതു മാത്രമല്ല കാരണമെന്ന് കരുതുന്നവരാണ് ഏറെയും. എന്‍ ആര്‍ സിയുടെ കാര്യത്തില്‍ ആവേശത്തോടെ സംസാരിച്ചിരുന്ന ബിജെപിയ്ക്ക് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം അതില്‍ വലിയ താത്പര്യമില്ലാതായെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അസമിലെക്ക് ‘നുഴഞ്ഞുകയറിയ’ മുസ്ലിമുകളെ പുറത്താക്കുന്നതിനോ, അജീവാനന്തം തടവറയിലാക്കാനോ തിരക്ക് കൂട്ടിയ ബിജെപി നേതൃത്വത്തിന് പുറത്തു വന്ന പട്ടിക വലിയ തിരിച്ചടിയായെന്നാണ് അവരുടെ പിന്നീടുള്ള പ്രതികരണം വ്യക്തമാക്കിയത്. പട്ടികയില്‍ നിന്ന് ഹിന്ദുക്കളും പുറത്തായി എന്നതാണ് വീണ്ടും പൗരത്വ പരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിക്കാന്‍ അസമിലെ ബിജെപി സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അതിര്‍ത്തി ജില്ലകളിലെ 20 ശതമാനത്തിന്റെയും മറ്റുള്ള ഇടങ്ങളിലെ 10 ശതമാനത്തിന്റെയും കാര്യത്തില്‍ പുനഃപരിശോധന വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ഇക്കാര്യം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല.

ഇതാണ് പിന്നീടുള്ള മെല്ലെപോക്കിന്റെ കാരണമായി പറയുന്നത്. മെല്ലെപോക്ക് പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് യാതൊരു തരത്തിലുമുള്ള ആശ്വാസമല്ല മറിച്ച് അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് 2013 മുതല്‍ എന്‍ ആര്‍ സി കോ ഓര്‍ഡിനേറ്ററായിരുന്ന പ്രതീക് ഹലേജ ഉത്തരവിട്ടിരുന്നു. പിന്നീടാണ് അദ്ദേഹത്തെ സുപ്രീംകോടതി മാറ്റിയത്. അതിനു ശേഷമായിരുന്നു ശര്‍മയെ കോ ഓഡിനേറ്ററായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. അദ്ദേഹത്തിന്റെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും പുതിയ കോ ഓഡിനേറ്ററുടെ മുസ്ലിം വിരുദ്ധതയാണ് കാണിക്കുന്നതെന്ന ആക്ഷേപം അന്നു മുതല്‍ നിലവിലുണ്ടായിരുന്നു. എന്നു മാത്രമല്ല, എന്‍ ആര്‍ സി പട്ടികയില്‍ ലക്ഷകണക്കിന് ബംഗ്ലാദേശികള്‍ ഉണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതെല്ലാം തങ്ങള്‍ക്ക് നീതി ഇനിയും നിഷേധിക്കപ്പെടുമെന്ന ആശങ്ക പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ പട്ടികയില്‍ ഉള്ള മുസ്ലിങ്ങളെ കൂടി പുറത്താക്കാനുള്ള ശ്രമത്തിന്റെ മുന്നോടിയായിട്ടാണോ ഇദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയെന്നതെന്ന് കരുതുന്നവരുമുണ്ട്.

എൻ ആര്‍ സിയുടെ കാര്യത്തില്‍ വളരെ കൃത്യമായ സമയ മാനദണ്ഡം നിശ്ചയിച്ച് മേല്‍നോട്ടം വഹിച്ചിരുന്ന സുപ്രീംകോടതിയും രഞ്ജന്‍ ഗഗോയി വിരമിച്ചതോടെ കൂടുതല്‍ ഇടപെടലുകള്‍ നടത്താതെയായി.

ഇതോടെ ജീവിതം ദുഃസ്സഹമായത് പതിനായിരക്കണക്കിന് ആളുകളാണ്. പൗരത്വ പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നില്ല, ചിലര്‍ക്ക് വിദേശത്ത് ജോലിക്ക് പോകാന്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കപ്പെടുന്നില്ല. ഇങ്ങനെ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പലതാണ്. പൗരത്വപട്ടികയില്‍ ഇല്ലാത്തവര്‍ക്ക് എങ്ങനെ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ നല്‍കാന്‍ കഴിയുമെന്നാണ് പൊലീസ് ചോദിക്കുന്നത്.

1951- ലാണ് അസമില്‍ ആദ്യമായി പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. വിഭജനത്തിന് ശേഷം ഇന്ത്യയില്‍ തുടര്‍ന്നവരെയും ഇന്ത്യയിലേക്ക് വന്നവരേയും കണ്ടെത്തുന്നതിനായിരുന്നു ഇത്. ഇപ്പോഴത്തെ എന്‍ ആര്‍ സി നടപ്പിലാക്കിയത് ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി എത്തിയവരെ കണ്ടെത്തുന്നതിനാണ്. 1971 മാര്‍ച്ച 24- ന് മുമ്പ് ഇന്ത്യയില്‍ എത്തിയവരെ കണ്ടെത്താനാണ് പൗരത്വ രജിസ്റ്റര്‍ നടപടികള്‍ ആരംഭിച്ചത്. മതിയായ പൗരത്വ രേഖകള്‍ നല്‍കാന്‍ കഴിയാത്തവരെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായുള്ള തടങ്കല്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണവും അസമില്‍ നടക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here