തിരുനെല്‍വേലി: സിനിമയെ വെല്ലുന്ന കുടിപ്പകയുടെ കഥയുമായി തിരുനെല്‍വേലിയിലെ നംഗുനേരി. രക്ഷിതാക്കളുടെ അനുവാദത്തോടെയല്ലാതെ നടന്ന ഒരു വിവാഹമാണ് ക്രൂരമായ അഞ്ച് കൊലപാതകങ്ങളിലേക്ക് എത്തിയത്. മരുക്കല്‍കുറിച്ച സ്വദേശിയായ എ നമ്പിരാജന്‍ എന്ന ഇരുപത്തിയൊന്നുകാരന്‍ ടി വന്മതിയെന്ന പതിനെട്ടുകാരിയെ സ്നേഹിച്ച്, ഒളിച്ചോടി വിവാഹം ചെയ്തതോടെയാണ് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പക തുടങ്ങിയത്. 2019 നവംബറിലാണ് പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ തുടങ്ങിയത്.
വന്മതിയുടെ രക്ഷിതാക്കളുടെ അനുവാദത്തോടെയായിരുന്നില്ല വിവാഹം. പിതാവിന്‍റെ സഹായത്തോടെ വാടക വീട്ടില്‍ താമസം ആരംഭിച്ച നമ്പിരാജനെ വന്മതിയുടെ സഹോദരന്‍ അടക്കമുള്ള സംഘം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വന്മതിയുടെ സഹോദരന്‍ ചെല്ലസ്വാമിയും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു നമ്പിരാജന്‍റെ കഴുത്തറുത്ത് മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. മകന്‍റെ കൊലയ്ക്ക് പകരം വീട്ടാനായി നമ്പിരാജന്‍റെ ബന്ധുക്കള്‍ വന്മതിയുടെ ബന്ധുക്കളായ രണ്ട് പേരെ ഈ വര്‍ഷം മാര്‍ച്ചില്‍ കൊലപ്പെടുത്തിയിരുന്നു. നമ്പിരാജന്‍റെ കൊലപാതകത്തില്‍ പൊലീസിന്‍റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളുടെ പിതാവിനെയും ബന്ധുവിനെയുമായിരുന്നു മാര്‍ച്ചില്‍ കൊലപ്പെടുത്തിയത്.
ഈ കേസില്‍ നമ്പിരാജന്‍റെ രക്ഷിതാക്കളായ അരുണാചലവും ഷണ്‍മുഖാത്തായ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈയിടെയാണ് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ശനിയാഴ്ച പെട്രോള്‍ ബോബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നമ്പി രാജന്‍റെ അമ്മ ഷണ്‍മുഖാത്തായ്, സഹോദരി ശാന്തി എന്നിവരാണ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
ശനിയാഴ്ചത്തെ ഇരട്ടക്കൊലപാതകം നമ്പിരാജന്‍റെ കൊലപാതകവുമായി ബന്ധമുള്ളതാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. കുറ്റവാളികളെ രക്ഷിക്കാന്‍ നംഗുനേരി പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവം വീണ്ടുമുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.