ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം സംഘടിപ്പിക്കുന്നിന് ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ അഞ്ച് പേര്‍ 1.61 കോടി രൂപ കൈപറ്റിയെന്ന് പോലീസ് കുറ്റപത്രം.
മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്‍, ആക്റ്റിവിസ്റ്റ് ഖാലിദ് സൈഫി, എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട താഹിര്‍ ഹുസൈന്‍, ജാമിയ അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് സൈഫാ ഉര്‍ റഹ്‌മാന്‍, ജാമിയ വിദ്യാര്‍ഥി മീരാന്‍ ഹൈദര്‍ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രത്തില്‍ ആരോപണം. ഈ അഞ്ച് പ്രതികള്‍ക്കും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും കുറ്റപത്രം പറയുന്നു
ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
2019 ഡിസംബര്‍ 1 മുതല്‍ 2020 ഫെബ്രുവരി 26 വരെയുള്ള കാലയളവില്‍ 1,61,33,703 രൂപ പ്രതികളായ ഇസ്രത്ത് ജഹാന്‍, ഖാലിദ് സൈഫി, താഹിര്‍ ഹുസൈന്‍, ഷിഫ-ഉര്‍ റഹ്‌മാന്‍, മീരാന്‍ ഹൈദര്‍ എന്നിവര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെയും പണമായും ലഭിച്ചു എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
1.66 കോടി രൂപയില്‍ 1,48,01186 രൂപ പിന്‍വലിക്കുകയും കലാപപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഓരോരുത്തരും കൈപറ്റിയ തുകയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കുറ്റപത്രത്തിലുണ്ട്.