ചെന്നൈ–മുംബൈ മത്സരത്തിന് 20 കോടി കാണികൾ; ലോകത്തുതന്നെ ആദ്യമെന്ന് ജയ് ഷാ

0
444

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിലെ ഉദ്ഘാടന മത്സരം കണ്ടത് റെക്കോർഡ് കാണികളെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിലിനെ (BARC) ഉദ്ധരിച്ചാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎലിലെ ഉദ്ഘാടന മത്സരം ടെലിവിഷനിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമായി റെക്കോർഡ് കാണികൾ വീക്ഷിച്ച കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഏറ്റുമുട്ടിയത്. നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് ജയിക്കുകയും ചെയ്തു. ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി കളത്തിലിറങ്ങിയ മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ടായിരുന്നു.

ഡ്രീംഇലവൻ ഐപിഎലിലെ ഉദ്ഘാടന മത്സരം പുതിയ റെക്കോർഡിട്ടു. ‘ബാർക്കി’ന്റെ കണക്കനുസരിച്ച് 20 കോടി ആളുകളാണ് ഈ മത്സരം വീക്ഷിച്ചത്. ഏതൊരു രാജ്യത്തെയും, ഏതൊരു ലീഗിലും വച്ച് ഉദ്ഘാടന മത്സരത്തിനു ലഭിക്കുന്ന റെക്കോർഡ് കാണികളാണിത്. ഇത്രയും ബൃഹത്തായ രീതിയിൽ ഇതുവരെ ഒരു ലീഗും ആരംഭിച്ചിട്ടില്ല’ – ഐപിഎൽ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തുടങ്ങിയവരെ ടാഗ് ചെയ്ത ജയ് ഷാ കുറിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാതെയാണ് യുഎഇയിൽ ഇത്തവണ ഐപിഎൽ പുരോഗമിക്കുന്നത്. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി നിമിത്തം ആളുകൾ കൂടുതലായി വീടുകളില്‍ ഒതുങ്ങിക്കഴിയുന്നതിനാൽ ഇക്കുറി ടിവിയിലും മറ്റുമായി ഐപിഎൽ കാണുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടായേക്കുമെന്ന പ്രതീക്ഷ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉൾപ്പെടെയുള്ളവർ നേരത്തേ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതു ശരിവച്ചാണ് ഉദ്ഘാടന മത്സരത്തിന് തന്നെ റെക്കോർഡ് കാണികളെ ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here