കാസർഗോഡ്: അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെൻ്റ് കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ കാസർഗോഡ് സ്വദേശി പിടിയിലായി. മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീനാണ് ബദിയടുക്ക പോലീസിൻ്റെ പിടിയിലായത്. പശുവിനെ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇന്ന് രാവിലെയാണ് ഇയാൾ ബദിയടുക്ക പോലീസിൻ്റെ പിടിയിലായത്.
ആഗസ്റ്റ് 24 നായിരുന്നു ഇയാൾ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെൻ്റ് സെൻററിൽ നിന്നും രക്ഷപ്പെട്ടത്.
എടക്കാട് സ്റ്റേഷൻ പരിധിയിലെ മുഴപ്പിലങ്ങാട് നിന്ന് ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ കടന്നു കളഞ്ഞത്. തുടർന്ന് കാസർഗോഡ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത എടക്കാട് പോലീസിന് കൈമാറിയിരുന്നു. ബൈക്ക് മോഷണ കേസിൽ റിമാൻ്റിലായ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിൽ പ്രവേശിപ്പിച്ചത്.
വളപട്ടണം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലോറി മോഷണ കേസിലും പ്രതിയാണ് റംസാൻ സൈനുദ്ദീൻ. ഈ കേസിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് നേരത്തെ തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നതിനിടെ ഇയാൾ രക്ഷപ്പെട്ടിരുന്നു.