കൊവിഡ് ഭേദമായ യുവതിയ്ക്ക് വീണ്ടും രോഗം, ഇന്ത്യയില്‍ ആദ്യം; ആശങ്ക

0
277

ബംഗളുരു: ഇന്ത്യയിലാദ്യമായി കൊറോണ രോഗം ഭേദമായി ആശുപത്രി വിട്ട വ്യക്തിയ്ക്ക് വീണ്ടും രോഗം ബാധിച്ചതായി കണ്ടെത്തി. ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് കൊവിഡില്‍ നിന്ന് മുക്തയായ യുവതിയ്ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, വൈറസിനെതിരെയുള്ള ആന്റിബോഡി യുവതിയുടെ ശരീരത്തില്‍ വികസിച്ചിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. മറ്റ് രോഗങ്ങളൊന്നുമില്ലാത്ത 27 കാരിയായ യുവതിയ്ക്കാണ് വീണ്ടും വൈറസ് ബാധിച്ചത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് യുവതിയ്ക്ക് കൊവിഡ് പൊസീറ്റിവ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗം ഭേദമായതിനെത്തുടര്‍ന്ന് ജൂലൈ പകുതിയോടെ ഇവര്‍ ആശുപത്രി വിടുകയും ചെയ്തു.

അതേസമയം വൈറസ് ബാധിച്ചയാള്‍ക്ക് തന്നെ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് ഇത് ആദ്യത്തെ സംഭവമാണെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടറായ പ്രതീക് പട്ടേല്‍ പറഞ്ഞു. രോഗം ഭേദമായി ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ യുവതിയ്ക്ക് എങ്ങനെ വീണ്ടും വൈറസ് ബാധിച്ചുവെന്നത് പഠനവിധേയമാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

‘ശരീരത്തില്‍ വൈറസ് ബാധിച്ച് കഴിഞ്ഞ് 2-3 ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് ഇമ്യൂണോഗ്ലോബുലിന്‍ ജി ആന്റി ബോഡി രൂപപ്പെടും. എന്നാല്‍ ഈ രോഗിയുടെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. ഇവരുടെ ആന്റിബോഡി പരിശോധന ഫലം നെഗറ്റീവാണ്. അതിനര്‍ഥം വൈറസ് ബാധിച്ചതിന് ശേഷം ഇവരുടെ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടില്ലെന്നാണ്. ഇനി മറ്റൊരു സാധ്യത, ഇക്കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ശരീരത്തില്‍ രൂപപ്പെട്ട ആന്റിബോഡി നശിച്ചിരിക്കാം. അങ്ങനെ രോഗം വീണ്ടും വന്നതാകാം’- പ്രതീക് പട്ടേല്‍ പറഞ്ഞു.

ആന്റിബോഡികള്‍ ഓരോ വ്യക്തിയിലും ഉല്‍പാദിപ്പിക്കപ്പെടാനിടയില്ല. ഇനി അഥവാ അവ വികസിക്കുകയാണെങ്കില്‍ അവ ദീര്‍ഘനേരം നീണ്ടുനില്‍ക്കില്ല. അതിനാല്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് വീണ്ടും രോഗത്തിന് കാരണമാകുന്നുവെന്നും പ്രതീക് പറഞ്ഞു.

അതേസമയം രോഗം ഭേദമായ രോഗിക്ക് തന്നെ വൈറസ് ബാധിക്കുന്നത് കനത്ത ആശങ്കയാണുണ്ടാക്കുന്നത്. ഏഷ്യയില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായ ഇന്ത്യയില്‍ ഈ സംഭവം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ന് മാത്രം 90,000 കൊവിഡ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ 41 ലക്ഷം കടന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here