കേരളത്തില്‍ തീവ്രരോഗവ്യാപനം; ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐഎംഎ

0
179

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിർദേശവുമായി ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകിയതായി ഐഎംഎ നേതൃത്വം അറിയിച്ചു.

ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രാഹം വർഗീസ് പറഞ്ഞു. രോഗവ്യാപനം തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി നടപ്പിലാക്കണം. ആരോഗ്യപ്രവർത്തകരിലും രോഗവ്യാപനം വർ‌ധിക്കുകയാണെന്നും ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.

കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ കൈവിട്ടുപോകുന്ന അവസ്ഥയാണ് കേരളത്തിലേതെന്നു ഐഎംഎ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പഠനം വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും തീവ്ര രോഗബാധയുള്ള സ്ഥലമാണ് കേരളം. ഏഴു ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റും 30 ദിവസത്തെ മൂവിങ് ഗ്രോത്ത് റേറ്റും നാഷനൽ നിലവാരത്തെക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും കൂടുതലാണ്. കൊല്ലം, കണ്ണൂർ, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിലെ  രോഗികളുടെ വർധനവ് 300 ശതമാനത്തിനടുത്താണ്. വൈറസ് വ്യാപനത്തിന്റെ വേഗവുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റുകളുടെ എണ്ണം കേരളത്തിൽ ഇപ്പോഴും കുറവാണെന്നും ഐഎംഎ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here