ചന്ദൗലി: കാണാതായ യുവാവ് സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തിയെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ട്വീറ്റിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ചന്ദൗലി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അൻമോൽ യാദവിന്റെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റിൽനിന്ന് കണ്ടെത്തിയത്.
അന്വേഷണത്തിൽ പൊലീസ് കാണിച്ച അലംഭാവമാണ് ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് യുവാവിന്റെ ബന്ധുക്കൾ ആരോപിച്ചു. വാരണാസിയിൽ സിവിൽ സർവീസ് വിദ്യാർഥിയായ അൻമോൽ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് ചതുർഭുജ് എന്ന സ്വന്തം ഗ്രാമത്തിൽ വന്നത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഫോൺ വന്നതിനെ തുടർന്നാണ് അന്‍മോൽ ഇറങ്ങിപ്പോയത്. ഉടൻ തിരിച്ചു വരാമെന്ന് പറഞ്ഞ് പോയ അൻമോൽ അർധരാത്രിയായിട്ടും തിരിച്ചുവരാതിരുന്നതോടെയാണ് പൊലീസിൽ അറിയിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 30ന് ചന്ദൗലി പൊലീസിന്റെ പ്രയത്നത്തിൽ അൻമോൽ സുരക്ഷിതനായി വീട്ടിൽ തിരിച്ചെത്തിയെന്ന് ചന്ദൗലി ജില്ലാ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
ഓഗസ്റ്റ് 31 തിങ്കളാഴ്ച ഉച്ചയോടെയാണ് അൻമോലിന്റെ മൃതദേഹം വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചയാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ റോഡ് ഉപരോധിച്ചു. അതേസമയം യുവാവ് തിരിച്ചെത്തിയെന്ന തെറ്റായ വിവരത്തെ തുടർന്നാണ് ട്വീറ്റ് ചെയ്തതെന്നും ഇത് ഉടൻ തന്നെ ഡിലീറ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.
യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അന്വേഷിക്കാതെ തെറ്റായ വിവരം ട്വീറ്റ് ചെയ്തതിനെ കുറിച്ചും അന്വേഷണം ആരംഭിച്ചു.