തിരുവനന്തപുരം: എം സി ഖമറുദ്ദീൻ എംഎൽഎ ഉൾപ്പടെ പ്രതിയായ ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കമറുദ്ദീനെതിരെ ഇന്ന് 14 വഞ്ചനാ കേസുകൾ കൂടി കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 14 പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ വാങ്ങിയെന്നാണ് പുതിയ വിവരം. ഇതോടെ എംഎൽഎക്കെതിരായ കേസുകളുടെ എണ്ണം 29 ആയി.
കേസുമായി ബന്ധപ്പെട്ട് എംസി ഖമറുദ്ദീന്‍റെയും പൂക്കോയ തങ്ങളുടേയും വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എംസി ഖമറുദ്ദീന്‍റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്ദേരിയിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നില്ല. ജ്വല്ലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. വഞ്ചന കേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി ഖമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കള്ളാർ സ്വദേശികളായ സുബീറും അഷ്റഫും നിക്ഷപമായി നൽകിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടർന്ന് ജ്വല്ലറി ചെയർമാൻ എംസി ഖമറുദ്ദീൻ എംഎൽഎയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവർക്കുമായി അഞ്ച് ചെക്കുകൾ നൽകി. എന്നാൽ ചെക്ക് മാറാൻ ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല.
തുടർന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസിൽ എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ കോടതി സമൻസ് അയച്ചിട്ടുണ്ട്. കണ്ണൂർ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരിൽ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയിൽ ചന്തേര പൊലീസ് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു. അഞ്ച് പേരിൽ നി്ന്നായി 75 ലക്ഷം തട്ടിയെന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ വന്ന സമാന പരാതികൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.