തിരുച്ചിറപ്പള്ളി എയർപോട്ടിൽ കഴിഞ്ഞ ദിവസം പിടികൂടിയത് 38 ലക്ഷം രൂപയുടെ സ്വർണം. എന്നാൽ സ്വർണക്കടത്തിന് ഉപയോഗിച്ച മാർഗം ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. ലക്സ് സോപ്പ് ചുരണ്ടി അതിനുള്ളിൽ സ്വർണം സൂക്ഷിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
സ്വർണക്കടത്തിന് പലവഴികൾ സ്വീകരിക്കുന്നതായി വാർത്തകൾ വരാറുണ്ട്, അടിവസ്ത്രത്തിനുള്ളിലും വയറ്റിനുള്ളിലും സ്വർണകടത്താൻ ശ്രമിച്ചതായുള്ള വാർത്തകൾ ഇതിനകം പലപ്പോഴായി വന്നിട്ടുണ്ട്. എന്നാൽ ലക്സ് സോപ്പിനകത്ത് സ്വർണം കടത്താൻ ശ്രമിച്ചത് അധികം കേട്ട് പരിചയമില്ലാത്തതാണ്.
വാർത്ത വന്നതോടെ, ലക്സിന്റെ പഴയ പരസ്യമാണ് പലരും ഓർത്തെടുത്തത്. ലക്സ് സോപ്പിനുള്ളിൽ സ്വർണ ലോക്കറ്റ് ഒളിപ്പിച്ച് ഭാഗ്യശാലികൾക്ക് ലഭിക്കുമെന്നൊരു പരസ്യം പണ്ട് കമ്പനി പുറത്തിറക്കിയിരുന്നു. ആർക്കെങ്കിലും അങ്ങനെ സ്വർണ ലോക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. അതെന്തായാലും തിരുച്ചിറപ്പള്ളി എയർപോർട്ടിലെ ഉദ്യോഗസ്ഥർക്ക് ലക്സ് സോപ്പിനുള്ളിൽ നിന്നും സ്വർണം ലഭിച്ചിട്ടുണ്ട്. അതും 38 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം.
കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്കിടയിൽ ലക്സ് സോപ്പിനുള്ളിൽ സ്വർണം കടത്തിയതായി അധികൃതർ കണ്ടെത്തിയത്.
വിചിത്രമായ വഴികളിൽ സ്വർണം കടത്താൻ ശ്രമിച്ചതിനെ കുറിച്ചുള്ള വാർത്തകൾ നേരത്തേയും വന്നിട്ടുണ്ട്. ഇംഗ്ലണ്ടിലെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥയെ സ്വർണകടത്തിന് അറസ്റ്റ് ചെയ്തിരുന്നു. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവർ ശ്രമിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ഡൽഹി എയർപോർട്ടിൽ പിടിയിലായ ചൈനീസ് യുവതി മലദ്വാരത്തിലായിരുന്നു സ്വർണം സൂക്ഷിച്ചത്. 42.12 ലക്ഷം രൂപയുടെ സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്.