തികച്ചും അപ്രതീക്ഷിതമായി ആകാശത്ത് നിന്നും കൂട്ടമായി കഞ്ചാവ് പായ്ക്കറ്റുകൾ മഴ പെയ്യുന്നത് പോലെ വീഴുന്നത് കണ്ട് ജനങ്ങള്‍ ആദ്യം അത്ഭുതപ്പെട്ടു. ഇസ്രയേല്‍ നഗരമായ ടെൽ അവിവിലാണ് ഈ കൌതുകകരമായ സംഭവം നടന്നത്. കഞ്ചാവ് നിറഞ്ഞ പായ്ക്കറ്റുകൾ കൂട്ടത്തോടെ വീണതോടെ അവ സ്വന്തമാക്കാന്‍ ആളുകൾ തമ്മിൽ പിടിവലി ആകുന്ന അവസ്ഥയും തുടര്‍ന്ന് സംജാതമായി.
‘ദ ഗ്രീൻ ഡ്രോൺ ഗ്രൂപ്പ്’ എന്ന് പേരുള്ള ഒരു സംഘമാണ് ടെൽ അവിവ് നഗരത്തിലെ തെരുവുകളിലേക്ക് ആകാശത്ത് നിന്നും ഡ്രോൺ വഴി ഇത്തരത്തില്‍ നൂറുകണക്കിന് കഞ്ചാവ് പായ്ക്കറ്റുകൾ താഴേക്കിട്ടത്.വെറുതെയല്ല, ഇതിന്റെ പിന്നില്‍ ഒരു ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നു. അത് എന്താണെന്നല്ലേ?
കഞ്ചാവ് ഉപയോഗം ഇസ്രായേലില്‍ നിയമാനുസൃതമാക്കണമെന്ന് വാദിക്കുന്ന ആക്ടിവിസ്റ്റുകളാണ് ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍. എന്തായാലും ആകാശത്ത് നിന്നും അജ്ഞാത വസ്തു വീഴുന്നത് കണ്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും കാര്യം മനസിലായതോടെ പോലീസ് എത്തുന്നതിന് മുമ്പ് കിട്ടാവുന്നത്ര പായ്ക്കറ്റുകൾ കൈക്കലാക്കി ആളുകള്‍ സ്ഥലം കാലിയാക്കുകയായിരുന്നു.
ആകാശത്ത് നിന്നും താഴേക്ക് കഞ്ചാവ് വർഷിക്കുന്നതിന്‍റെ മുന്‍പായി തങ്ങളുടെ അനുകൂലികൾക്ക് ഗ്രീൻ ഡ്രോൺ അംഗങ്ങൾ ഇക്കാര്യത്തെ പറ്റി ടെലിഗ്രാമിലൂടെ സൂചന നല്‍കുകയും ചെയ്തിരുന്നതാണ്. തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ ഈ രീതിയില്‍ ഡ്രോൺ വഴി പലയിടത്തേക്കും ഇനി കഞ്ചാവ് വിതരണം നടത്താൻ സംഘത്തിന് പദ്ധതിയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഒരു കിലോ തൂക്കം വരുന്ന കഞ്ചാവ് 2 ഗ്രാം വീതം ഓരോ പായ്ക്കറ്റുകളിലാക്കി ആഴ്ചയിലൊരിക്കൽ ഇസ്രായേലിലെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ വഴി വിതരണം ചെയ്യാനാണ് സംഘം ലക്ഷ്യമിട്ടത്. ‘ റെയ്‌ൻ ഒഫ് കാനബിസ് ‘ എന്നായിരുന്നു തങ്ങളുടെ പുതിയ പ്രോജക്ടിന് ഗ്രീൻ ഡ്രോൺ സംഘം നൽകിയ പേര്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് സംഘത്തിന്റെ ടെലിഗ്രാം സന്ദേശങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഇതേവരെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.