ദിവസങ്ങളായി കുതിച്ചുയർനന സ്വർണവിലയിൽ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് വൻ ഇടിവ്. പവന് 1600 രൂപയാണ് ഒറ്റദിവസം കൊണ്ട് കുറഞ്ഞത്. ഇത് സംസ്ഥാനത്ത് സ്വർണവിലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവാണ്. കേരളത്തിൽ സ്വർണവില ഇടിയാൻ കഴിഞ്ഞ ദിവസം റഷ്യ പുറത്തിറക്കിയ കോവിഡ് വാക്സിനും കാരണമായി.
റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം ആഗോള വിപണിയിൽ സ്വർണത്തിന്‍റെ മാറ്റ് കുറയ്ക്കുകയായിരുന്നു. ഇത് പ്രാദേശിക വിപണികളിൽ പ്രതിഫലിച്ചു. കൂടാതെ കോവിഡ് പ്രതിസന്ധി മറികടക്കാൻ അമേരിക്ക പ്രഖ്യാപിച്ച ഉത്തേജക പാക്കേജും സ്വർണവില ഇടിയാൻ കാരണമായി. ഇതോടെ സ്വർണത്തിന്‍റെ ഡിമാൻഡ് കുറയുകയും ഡോളർ ശക്തിപ്രാപിക്കുകയും ചെയ്തു.
ആഗോള വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതോടെയാണ് സ്വർണവില കുറയാൻ തുടങ്ങിയത്. ഒരുഘട്ടത്തിൽ രണ്ടുവർഷത്തെ താഴ്ന്ന നിലയിലെത്തിയ ഡോളർ വീണ്ടും തിരിച്ചുവന്നു. ഡോളറിന്‍റെ മൂല്യം വരുംദിവസങ്ങളിൽ ഇനിയും കൂടുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇങ്ങനെ വന്നാൽ സ്വർണവില വീണ്ടും ഇടിയും.
ഒരുഘട്ടത്തിൽ പവന് 42000 രൂപവരെ എത്തിയ സ്വർണവില ഇപ്പോൾ 39200 ആയി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 2800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നുമാത്രം ഗ്രാമിന് 200 രൂപ കുറഞ്ഞു.