സെക്രട്ടേറിയറ്റ് സമര ഭൂമി; യൂത്ത് കോണ്‍ഗ്രസ് വന്‍ പ്രതിഷേധം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

0
185

സെക്രട്ടേറിയറ്റിലെ തീപിടിത്തം രാഷ്ട്രീയ വിവാദമായി കത്തിക്കയറുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സര്‍ക്കാര്‍ പരസ്യങ്ങളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗതത്തിലാണ് തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. വൈകിട്ടാണ് തീപിടിത്തമുണ്ടായത്. അതേസമയം പ്രധാന ഫയലുകള്‍ സുരക്ഷിതമാണെന്ന് പൊതുഭരണ അഡീഷണല്‍ സെക്രട്ടറി പി.ഹണി മനോരമന്യൂസിനോട് പറഞ്ഞു. 

സെക്രട്ടേറിയറ്റിലെ തീപിടിത്തമുണ്ടായ ബ്ലോക്കിലേക്ക് ജനപ്രതിനിധികള്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ തീപിടിത്തമുണ്ടായ സ്ഥലത്ത് ഫൊറന്‍സിക് പരിശോധന ആവശ്യപ്പെട്ട്  പ്രതിഷേധവുമായെത്തിയ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സ്ഥലത്ത് വന്‍ പൊലീസ് സംഘവും ക്യാംപ് ചെയ്യുന്നുണ്ട്. 

തീപിടിത്തത്തില്‍ സുപ്രധാനഫയലുകള്‍ നശിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് പ്രധാനസെക്ഷനുകളിലെ ഫയലുകള്‍ നശിച്ചെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടു. എന്‍ഐഎ അന്വേഷണം കൂടിയേതീരൂ. അട്ടിമറിയെന്ന് സംശയമുണ്ട്. ഇന്ന് ഓഫിസില്‍ ആള് കുറവായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് നടക്കുന്നത്. നാളെ യുഡിഎഫ് കരിദിനം ആചരിക്കും. പ്രതിപക്ഷനേതാവ് ഉടന്‍ ഗവര്‍ണറെ കാണും. 

രണ്ടു ദിവസം അടച്ചിട്ട മുറിയിൽ ഫാനിന്റെ സ്വിച്ചിൽ നിന്നും തീ പിടിച്ചെന്നാണ് അധികൃതർ പറയുന്നതെന്ന് പ്രതിപക്ഷ രമേശ് ചെന്നിത്തല. അടച്ചിട്ട മുറിയിലെ ഫാൻ ഓൺ ആയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതൊക്കെ എങ്ങനെ വിശ്വസിക്കുമെന്നും ചെന്നിത്തല ചോദിക്കുന്നു. ചീഫ് സെക്രട്ടറിക്കെതിരെയും ചെന്നിത്തല രംഗത്തെത്തി. ചീഫ് സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്നു. എംഎല്‍എമാരെ സെക്രട്ടേറിയറ്റില്‍ കടത്തിവിടാതിരുന്നതിനാണ് വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here