സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വരും ദിവസങ്ങളില്‍ അതിതീവ്രമഴയെന്ന് കാലാവസ്ഥാ വകുപ്പ്; ജാഗ്രതാ നിര്‍ദേശം

0
495

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്.

വരും ദിവസങ്ങളില്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെയാണ് കേരളത്തില്‍ മഴ കനക്കുക.

കോട്ടയം ജില്ലയില്‍ നഗര പ്രദേശങ്ങളിലും വെള്ളം കയറുന്നുണ്ട്. കഴിഞ്ഞ ദിവസം വെള്ളം ഇറങ്ങിയ പാലാ ഈരാറ്റു പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്ന് വീണ്ടും വെള്ളം കയറുന്നുണ്ട്. അതേസമയം വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ ശനിയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഴ ശക്തമായതോടെ വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. കേരളത്തില്‍ എട്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തുറന്ന് വിടുമെന്നും ഡാമിന്റെ തീരപ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്നും കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുല്ലപ്പെപരിയാറില്‍ ജലനിരപ്പ് ഏഴടി ഉയര്‍ന്നിട്ടുണ്ട്. 136 അടിയായാല്‍ അണക്കെട്ടിലെ ജലം ടണല്‍ വഴി വൈഗയിലെത്തിക്കാനുള്ള നിര്‍ദേശം നല്‍കണമെന്ന് കേരളം തമിഴ്‌നാട് സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here