വിരമിക്കാൻ എന്തുകൊണ്ട് ധോണി ആഗസ്റ്റ് 15ന് സമയം 19:29 തിരഞ്ഞെടുത്തു? വിരമിച്ചതിനു പിന്നാലെ ഈ പ്രത്യേകതകൾ ചർച്ച ചെയ്ത് ക്രിക്കറ്റ് ലോകം

0
284

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മഹേന്ദ്രസിംഗ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 7:29 മുതൽ താൻ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ കുറിപ്പ്.

ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന കരിയറിൽ ഇന്ത്യൻ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് നയിച്ച ഇതിഹാസ നായകൻ 2019 ജൂലായ് 9ന് ഇംഗ്ലണ്ടിൽ ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിയിൽ വിജയ പ്രതീക്ഷയുടെ പടിവാതിൽക്കൽനിന്ന് റണ്ണൗട്ടായി. പിന്നീട് ധോണി മൈതാനത്തേക്കു മടങ്ങിയിരുന്നില്ല. ശേഷം കഴിഞ്ഞ ദിവസമാണ് ധോണി ഇൻസ്റ്റഗ്രാമിൽ വിരമിക്കൽ സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്.

‘ഇതുവരെ നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – വിരമിക്കൽ പ്രഖ്യാപനം ഇത്രമാത്രം.-എന്നായിരുന്നു ധോണി കുറിച്ചത്. എന്നാൽ എന്തുകൊണ്ട് ധോണി ആഗസ്റ്റ് 15 19:29 നുതന്നെ തിരഞ്ഞെടുത്തു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.19:29 എന്ന സമയമാണ് ഇതിൽ ശ്രദ്ധേയം.

ധോണി ഈ സമയം തിരഞ്ഞെടുത്തതിനെ കുറിച്ച് ആരാധകർ നിരവധി കാരണങ്ങളാണ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നത്. ധോണിയുടെ ജഴ്സി നമ്പർ 7ഉം റെയ്നയുടേത് 3 ഉം ആണ്. ഈ രണ്ട് സംഖ്യകളും ചേർത്തെഴുതിയാൽ 73 ആണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട്​ 73 വർഷം പൂർത്തിയാക്കിയ ദിവസം ഇരുവരും വിരമിച്ചു. ഇതാണ ഒരു കാരണമായി ആരാധക‌ർ പറയുന്നത്. ഇന്ത്യൻ പതാകയുടെ ഇമോജി പോസ്റ്റ് ചെയ്ത ചിത്രത്തോട് റെയ്ന പ്രതികരിച്ചിരുന്നു.


മറ്റൊരു കാര്യം ആരാധകർ പറയുന്നത് ധോണി അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത് ജൂലായ് 9ന് ഇതേ സമയത്താണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍റെ ത്രോയില്‍ മഹേന്ദ്ര സിംഗ് ധോണി റണ്ണൗട്ടാവുമ്പോള്‍ അന്ന് അസ്തമിച്ചത് ഇന്ത്യന്‍ ലോകകപ്പ് പ്രതീക്ഷകളായിരുന്നു. അവസാന വിക്കറ്റായി ചഹല്‍ മടങ്ങുമ്പോള്‍ 7 29 നാണ് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ്​ സെമിഫൈനലിൽ ഇന്ത്യ​ ന്യൂസിലൻഡിനോട്​ പരാജയപ്പെട്ട സമയം ആണ്​ ഇതെന്നായിരുന്നു ഒരു അഭിപ്രായം.

ജീവിതത്തിലെ പ്രധാനഘട്ടം പൂർത്തിയാക്കിയ ശേഷം ചെയ്​ത്​ കൊണ്ടിരുന്ന പരിപാടികൾക്ക്​ അവസാനം കുറിക്കുന്നതിനെ സൂചിപ്പിക്കുന്ന ‘എയ്​ഞ്ചൽ നമ്പർ’ ആണ്​ 1929 എന്ന്​ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here