മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ പഞ്ചാബിനു വേണ്ടി കളിക്കുന്നതിനെ കുറിച്ചും ടീമിന് വഴികാട്ടിയാകുന്നതിനെ കുറിച്ചും യുവരാജ് ആലാചിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇതുവരെ യുവരാജ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
‘പഞ്ചാബ് ടീമിന്റെ ഉത്തരവാദിത്വം ഏല്‍ക്കാമോ എന്ന് ചോദിച്ച് ആറു ദിവസം മുമ്പാണ് ഞങ്ങള്‍ യുവരാജ് സിംഗിന് സന്ദേശമയച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഒരേസമയം പഞ്ചാബ് ടീമിന്റെ കളിക്കാരനായും മെന്ററായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ അത് പഞ്ചാബ് ക്രിക്കറ്റിനെ സംബന്ധിച്ച് ശുഭവാര്‍ത്തയായിരിക്കും.’ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പുനീത് ബാലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ്, പഞ്ചാബിന്റെ യുവതാരം ശുഭ്മാന്‍ ഗില്‍ ഉള്‍പ്പെടെയുള്ളവരുടെ വഴികാട്ടിയാണ്. ഈ സാഹചര്യത്തിലാണ് ടീമിനായി കളിക്കാനും ടീമിനു വഴി കാട്ടാനും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്ലിനു പിന്നാലെയാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോക കപ്പിലും 2011-ലെ ഏകദിന ലോക കപ്പിലും നിര്‍ണായക സാന്നിദ്ധ്യമായത് യുവിയായിരുന്നു. 2011 ലോക കപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം.