യു.പിയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറിയ നിലയില്‍ ; പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കൊലപാതകം

0
227

ലഖ്‌നൗ: യു.പിയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ട് പെണ്‍കുട്ടികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇന്നലെയാണ് 17 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്.

യു.പിയിലെ ലഖിംപുര്‍ ഖേരി ജില്ലയിലായിരുന്നു സംഭവം. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. മൂര്‍ച്ചേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്താണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടി താമസിക്കുന്ന ഗ്രാമത്തില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിച്ചുമൂടിയ നിലയിലുള്ള മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറിയ നിലയിലായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തില്‍ ബലാത്സംഗം നടന്ന ശേഷമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ചീഫ് സതേന്ദ്ര കുമാര്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് ഫോം പൂരിപ്പിക്കാനായി ബന്ധുവിന്റെ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്.

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ തന്നെയുള്ള 13 കാരിയായ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈ പെണ്‍കുട്ടിയേയും ക്രൂരമായിട്ടായിരുന്നു കൊലപ്പെടുത്തിയത്. കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും കഴുത്തറുക്കുകയും ചെയ്തതായി കുടുബം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പൊലീസ് രംഗത്തെത്തിയിരുന്നു.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ കുടുംബം ആരോപിച്ച പോലെയൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ മൃതദേഹത്തില്‍ പരിക്കുകളുണ്ടായിരുന്നെന്ന കാര്യം പൊലീസ് സമ്മതിച്ചിരുന്നു.

ആഗസ്റ്റ് 14 ന് വീടിന് സമീപത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ പിറ്റേ ദിവസമാണ് കണ്ടെത്തിയത്. ലഖ്‌നൗവില്‍ നിന്ന 130 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. നേപ്പാള്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഇത്.

യു.പിയിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നതായും സ്ത്രീകളും കുട്ടികളും ക്രൂരമായ അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാകുന്നതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ക്രമസമാധാനം ഉറപ്പുവരുത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനുള്ള സാഹചര്യം പോലും ഇല്ലാതായെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here