മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ ഒരുലക്ഷത്തിന് വിറ്റു; മൊബൈല്‍ ഫോണും ബൈക്കും വാങ്ങി

0
160

മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരുലക്ഷം രൂപയ്ക്ക് വിറ്റു. കര്‍ണാടകയിലെ ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കലിലാണ് സംഭവം. കര്‍ണാടക ശിശു ക്ഷേമ വകുപ്പ് ഇടപെട്ട് പിന്നീട് കുട്ടിയെ മോചിപ്പിച്ചു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജനിച്ച ഉടനെ ആശുപത്രിയില്‍ വെച്ചുതന്നെ ഇവര്‍ കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ദമ്പതികളുടെ പ്രവര്‍ത്തിയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരുടെ ഇടപെടല്‍ കാരണം വില്‍പന ആ സമയത്ത് വില്‍പ്പന നടന്നില്ല. കുഞ്ഞിനെ വില്‍ക്കാനുള്ള ഇവരുടെ താത്പര്യത്തെ കുറിച്ച് മനസ്സിലാക്കിയ ഒരു വ്യക്തി പിന്നീട് ഇവരെ സമീപിക്കുകയും, കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളെ പരിചയപ്പെടുത്തി കൊടുക്കുകയുമായിരുന്നു. ഒരുലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്.

കുഞ്ഞിനെ വിറ്റ് കിട്ടിയ പണത്തില്‍, 50,000 രൂപയ്ക്ക് ബൈക്കും 15,000രൂപയ്ക്ക് ഒരു മൊബൈല്‍ ഫോണും യുവാവ് വാങ്ങി. യുവാവിന്റെ പെട്ടെന്നുള്ള ആഢംബരജീവിതം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ കുഞ്ഞ് വീട്ടിലില്ലെന്ന് മനസ്സിലായത്. അയല്‍ക്കാരാണ് ശിശുക്ഷേമസമിതിയെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റതായി തെളിഞ്ഞതും മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതും.

ജില്ലയിലെ ശിശുസംരക്ഷണകേന്ദ്രത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. തന്നെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതം നല്‍കേണ്ടിവന്നതെന്നാണ് അമ്മയുടെ മൊഴി. തന്‍റെ കുഞ്ഞിനെ തനിക്ക് തിരിച്ച് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here