ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 സന്യാസിമാർ ചേർന്നാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണിത്. ആചാര്യ ദേവ് മുരാരി ബാപുവാണ് ചെയർമാൻ.
കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാംപയിൻ ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പുശേഖരണത്തിന് ശേഷം ദേശവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ ക്യാംപയിൻ ആരംഭിച്ചതാണ്. എന്നാൽ ലോക്ക്ഡൗണായതിനാൽ മുന്നോട്ടുപോകാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ നാലര ഏക്കർഭൂമിയിലാണ് ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും അവിടെ മത- സാംസ്കാരിക ചടങ്ങുകൾ നടത്താനായി ഹാൾ നിർമിക്കണമെന്നുമാണ് ക്ഷേത്ര അധികാരികൾ വാദിക്കുന്നത്. അയോധ്യയിലെ ബാബരി പള്ളി തകർത്തതിന് പിന്നാലെ ഇനി മഥുര കൃഷ്ണ ജന്മഭൂമിയുടെ മോചനവും വരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രവുമാണ് അടുത്ത അജണ്ടയെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചിരുന്നു.