ഉപ്പള : കോവിഡ് കാലത്ത് മഞ്ചേശ്വരം താലൂക്കിൽ 20 പേർ ചികിൽസ കിട്ടാതെ മരിച്ച സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശത്ത് മനുഷ്യാവകാശം നിഷേധിക്കപ്പെട്ടുവെന്നു കാണിച്ച് മംഗൽപ്പാടി ജനകീയ വേദി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.
കോവിഡ് ലോക് ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച് 21 നു ശേഷം കർണാടകം അതിർത്തി കൊട്ടിയടച്ചതിനെ തുടർന്നാണ് ഇരുപതോളം പേർ വൈദ്യസഹായം കിട്ടാതെ മരിച്ചത് . വൃക്ക രോഗികളും ഹൃദ്രോഗികളും കാൻസർ രോഗികളും ഇക്കൂട്ടത്തിലുണ്ട് . ഗർഭിണികൾ ആംബുലൻസിൽ പ്രസവിക്കേണ്ട സ്ഥിതിയുമുണ്ടായി . ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങൾ പുറംലോകത്തെ അറിയിച്ചിട്ടും സംസ്ഥാന സർക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ വിഷയം ഗൗരവമായി പരിഗണിച്ചില്ല .
പ്രദേശത്തെ ഏക താലൂക്ക് ആശുപത്രിയായ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ നിയമിക്കുകയും ചെയ്തില്ല . പ്രാഥമിക ചികിൽസയ്ക്ക പോലും സൗകര്യമില്ലാതെ പേരിനൊരാശുപത്രിയായി ഇതു മാറിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി .
ചികിൽസ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുക , മഞ്ചേശ്വരം താലൂക്കിലെ 4 ലക്ഷത്തോളം പേർക്ക് ചികിൽസ നിഷേധിക്കപ്പെടുന്ന സാഹചര്യത്തെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിക്കുക തുടങ്ങി 14 ആവശ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത് .