ബംഗളൂരു സംഘര്‍ഷം: നവീന്‍ ബിജെപി അനുഭാവിയെന്ന് കോൺഗ്രസ്, അല്ലെന്ന് ബിജെപി

0
199

ബംഗളൂരു സംഘര്‍ഷത്തിന് കാരണമായി പറയുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധു നവീൻ ബിജെപി അനുഭാവിയാണെന്ന് കോൺഗ്രസ്. ഇതിന് തെളിവായി നവീന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളും കോൺഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന നിലപാടിൽ തന്നെയാണ് നവീൻ. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവാണ് നവീൻ.

‘നവീന്‍ എന്‍റെ സഹോദരിയുടെ മകനാണ്. പക്ഷേ 10 വര്‍ഷമായി ഞങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ല. അവന്‍റെ സ്വഭാവം ശരിയല്ല എന്നത് തന്നെ കാരണം’- എംഎല്‍എ വ്യക്തമാക്കി.

അതേസമം കോണ്‍ഗ്രസിനെ പിന്തുണച്ചുള്ള നവീന്‍റെ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ മന്ത്രി സി ടി രവി ട്വീറ്റ് ചെയ്തു.

നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ബംഗളൂരുവില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എംഎല്‍എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പൊലീസ് ഇടപെടലുണ്ടായതോടെ സംഘം ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായി. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സിടി രവി പറഞ്ഞു. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചു.

“കലാപം ആസൂത്രണം ചെയ്തിരുന്നു. സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ചു. മൂന്നൂറിലധികം വാഹനങ്ങള്‍ നശിപ്പിച്ചു. അക്രമത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ഉത്തര്‍പ്രദേശിന് സമാനമായി സ്വത്ത് നഷ്ടം കലാപകാരികളില്‍ നിന്ന് ഈടാക്കും”, മന്ത്രി പറഞ്ഞു.

അതിനിടെ സംഘർഷം സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ 145 പേരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്രസേനയെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് കെ ജി ഹള്ളി, ഡി ജെ ഹള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയ കർഫ്യൂ 15ന് രാവിലെ ആറ് മണി വരെ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here