മലപ്പുറം: ഓണ്‍ലൈന്‍ വെബ്‌സൈറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പലര്‍ക്കും പണി കിട്ടിയിട്ടുണ്ട്. ഫോണ്‍ വാങ്ങിയവര്‍ക്ക് സോപ്പും, കരിങ്കല്ലുമൊക്കെ ലഭിച്ച കഥകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് മലപ്പുറത്ത് നടന്നത്.
ഓണ്‍ലൈനില്‍ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് ലഭിച്ചത് ഒരു മൊബൈല്‍ ഫോണാണ്. എന്നാല്‍ ഫോണ്‍ തിരികെ നല്കുന്നതിന് ആമസോണിനെ ബന്ധപ്പെട്ടെങ്കിലും നാഷിദിന്റെ സത്യസന്ധത മാനിച്ച് ഫോണ്‍ തിരിച്ചുനല്‌കേണ്ടതില്ല എന്നായിരുന്നു ആമസോണിന്റെ മറുപടി.
ആമസോണിന്റെ മറുപടിക്കത്ത് കണ്ട് നാഷിദ് ആദ്യമൊന്ന് അമ്പരന്നു. പിന്നീട് ലോട്ടറിയടിച്ച പോലെ ഒരു കിടിലന്‍ ഫോണ്‍ ലഭിച്ച സന്തോഷത്തിലായിരുന്നു നൗഷാദ്. ആയിരത്തി നാന്നൂറ് രൂപയുടെ പവര്‍ ബാങ്കാണ് നാഷിദ് ബുക്ക് ചെയ്തത്. പക്ഷേ ലഭിച്ചത് എണ്ണായിരം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ്.
നാഷിദിന്റെ സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചാണ്. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്‌നം നേരിട്ടതോടെയാണ് പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചത്. ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്കി. ഈ മാസം 10നാണ് ഓര്‍ഡര്‍ അയച്ചത്.
15 ന് പാര്‍സല്‍ കയ്യിലെത്തി. പവര്‍ ബാങ്കിന് പകരം ഫോണ്‍ ലഭിച്ച കാര്യം നാഷിദ് ആമസോണ്‍ അധികൃതര്‍ അറിയിച്ചപ്പോള്‍ തെറ്റുപറ്റിയതിലുള്ള ക്ഷമാപണമാണ് ആദ്യം വന്നത്. ഫോണ്‍ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ സത്യസന്ധതയ്ക്കുള്ള സമ്മാനമായി ഫോണ്‍ എടുത്തുകൊള്ളാനായിരുന്നു മറുപടി.
നാഷിദിന്റെ സത്യസന്ധതയ്ക്ക് ആമസോണും അഭിനന്ദനമറിയിച്ചു. സ്വാതന്ത്രദിനത്തില്‍ അപ്രതീക്ഷിതമായി സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് നാഷിദ്. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം സഹോദരിക്ക് ഓണ്‌ലൈന് പഠനത്തിന് വേണ്ടി നല്കാനാണ് നാഷിദിന്റെ തീരുമാനം.