തദ്ദേശ തിരഞ്ഞെടുപ്പ് ; ഒരുക്കം സജീവമാക്കി മുന്നണികളും പാർട്ടികളും

0
368

കാസർകോട് ∙ ‌‌‌‌‌‌‌‌‌‌‌‌‌‌‌കോവിഡ് ഭീഷണിക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ജില്ലയിലെ പ്രധാന മുന്നണികളും പാർട്ടികളും. പതിവു ശക്തി പ്രകടനങ്ങളോ പൊതുയോഗങ്ങളോ കാണാനില്ലെങ്കിലും കമ്മിറ്റി രൂപീകരണങ്ങളും വോട്ടർ പട്ടികയിൽ പേര് ചേർക്കലുമൊക്കെയായി രംഗം ചൂട് പിടിച്ചു കഴിഞ്ഞു.സംസ്ഥാന നേതാക്കളാണ് യുഡിഎഫ്,എൽഡിഎഫ്,എൻഡിഎ മുന്നണികളുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, മന്ത്രി. ഇ. ചന്ദ്രശേഖരൻ എന്നിവർക്കാണ് എൽഡിഎഫിന്റെ ചുമതല. കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാറിനാണ് കോൺഗ്രസ് ജില്ലയുടെ ചുമതല നൽകിയിരിക്കുന്നത്. 

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായി എന്നിവരാണ് മുസ്‌ലിം ലീഗിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി പി. രഘുനാഥിനാണ് ജില്ലയുടെ ബിജെപിയുടെ ചുമതല. ‌വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനാണ് പാർട്ടികൾ ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. താഴെ ഘടകങ്ങൾക്ക് ഈ നിർദേശമാണ് എല്ലാ പാർട്ടികളും നൽകിയിരിക്കുന്നത്. 

തങ്ങൾക്ക് അനുകൂലമാകുന്നവരുടെ വോട്ടുകൾ ചേർക്കുന്നതിനൊപ്പം തന്നെ നാട്ടിൽ ഇല്ലാത്ത, മറ്റുള്ളവർക്ക് പോകാനിടയുള്ളവരുടെ പേര് പട്ടികയിൽ നിന്നു നീക്കം ചെയ്യാനും ശ്രമിക്കുന്നു.തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ഈസ്റ്റ് എളേരി പഞ്ചായത്തിൽ മുഴുവൻ സ്ഥാനാർഥികളെയും തീരുമാനിച്ച് കോൺഗ്രസാണ് ഒരു മുഴം മുൻപേ എറിഞ്ഞത്. പാർടി വിമതരിൽ നിന്നു ഏതുവിധേനയും പഞ്ചായത്ത് തിരിച്ചു പിടിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം. ‌ഡിസിസി ഭാരവാഹികൾക്ക് ഓരോ പഞ്ചായത്തിന്റെയും ചുമതല വീതിച്ചു നൽകി. 

എൽഡിഎഫിന്റെ വാർഡ്- ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസത്തോടെ എല്ലാ കമ്മിറ്റികളും രൂപീകരിക്കും. സ്വാധീനമുള്ള പഞ്ചായത്തുകളെ മുൻഗണനാടിസ്ഥാനത്തിൽ തരം തിരിച്ചാണ് ബിജെപിയുടെ പ്രവർത്തനം. വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ രൂപീകരണം അന്തിമ ഘട്ടത്തിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here