ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. കാസർകോട് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ നടത്തിപ്പിനായി പണം വാങ്ങി വഞ്ചിച്ചുവെന്ന ജ്വല്ലറി നിക്ഷേപകരുടെ പരാതിയിലാണ് കേസ്.
നിക്ഷേപകരുടെ പരാതിയിൽ കാസർകോട് ചന്തേര പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നുപേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്.
ചെറുവത്തൂർ സ്വദേശിയിൽ നിന്ന് മാത്രം 30 ലക്ഷം വാങ്ങിയെന്ന് എഫ് ഐ ആറിൽ പറയുന്നു. ഒരാൾ 3 ലക്ഷവും മറ്റൊരാൾ 15 പവനും ഒരു ലക്ഷവും നൽകി. 2019 മാർച്ചിൽ നൽകിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി.
എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. പണം തിരിച്ചു കിട്ടാതായതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തു എത്തിയത്. എന്നാൽ കേസ് രാഷ്ട്രിയ പ്രേരിതമാണെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ പ്രതികരിച്ചു.