ചായയിൽ വിഷം കലർത്തി വധിക്കാൻ ശ്രമം; റഷ്യൻ പ്രതിപക്ഷ നേതാവിന്റെ ആരോഗ്യനില അതീവ ഗുരുതരം

0
222

മോസ്കോ: വിഷബാധയേറ്റ് കുഴഞ്ഞു വീണ റഷ്യയിലെ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ആരോഗ്യനില അതീവ ഗുരുതമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് മാറ്റും. അലക്സി നവാൽനിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ സഹായവും നൽകുമെന്ന് ജർമ്മൻ ചാൻസിലർ ആംഗല മെർക്കൽ പറഞ്ഞു. 

അലക്സി നവാൽനി കോമ അവസ്ഥയിലാണെന്നാണ് സൂചനകൾ. വിമാനത്താവളത്തിൽ വച്ചു അദ്ദേഹത്തിന് വിഷം നൽകിയത് ആരാണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ ദിവസമാണ് വിമാനയാത്രക്കിടെ ചായയിൽ വിഷം കലർത്തിയാണ് അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമം നടന്നത്. 

സൈബീരിയൻ പട്ടണമായ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെ അവശനിലയിലായ അദ്ദേഹത്തെ, വിമാനം അടുത്തുള്ള എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് നടത്തി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകുകയായിരുന്നു.

അപരിചിതമായ ഏതോ സൈക്കോഡിസ്ലെപ്റ്റിക് മരുന്നുകൊണ്ടാണ് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുള്ളതെന്നും, കൃത്യമായി അത് ഏത് മരുന്നെന്ന് തിരിച്ചറിയാൻവേണ്ടിയുള്ള ഫോറൻസിക് പരിശോധനകൾ നടന്നു കൊണ്ടിരിക്കുകയാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

റഷ്യയിൽ നടക്കുന്ന അഴിമതികളുടെ അണിയറക്കഥകൾ നിരന്തരം പുറത്തുകൊണ്ടുവന്നിട്ടുള്ള ഒരു ജനപ്രിയ ബ്ലോഗർ കൂടി ആയിരുന്നു നാല്പത്തിനാലുകാരനായ അലക്സി. ഇങ്ങനെ അപ്രിയ സത്യങ്ങൾ പുറത്തുവിട്ടുകൊണ്ടിരുന്നതിനാൽ നിരന്തരം ഭീഷണികളും അദ്ദേഹത്തിനെതിരെ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ വർഷം ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്ത് കസ്റ്റഡിയിൽ പാർപ്പിച്ച സമയത്തും ഇതുപോലെ വിഷം നൽകിക്കൊണ്ട് ഒരു കൊലപാതകശ്രമം ഉണ്ടായിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here