ചെന്നൈ : രാജ്യത്താകമാനം കോവിഡ് പടര്‍ന്നുപിടിച്ചിരിക്കുകയാണ്. രോഗവ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വിനായക ചതുര്‍ത്ഥി റാലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. പൊതുജനങ്ങള്‍ വിനായക ചതുര്‍ത്ഥി സ്വന്തം വീട്ടില്‍ തന്നെ ആഘോഷിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഗണേശ വിഗ്രഹങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിനും, റാലിയായി പോയി ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപിക്കുന്നതിനാല്‍ ഇത്തവണ ആഘോഷങ്ങള്‍ വീട്ടില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലവും പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ ചെറിയ ക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി നല്കിയിട്ടുണ്ട്.
എന്നാല്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇവിടങ്ങളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.