കോവിഡ് പോസിറ്റീവായ ഉപ്പള സ്വദേശിനിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

0
225

കണ്ണൂർ: (www.mediavisionnews.in) കോവി‍ഡ് പോസിറ്റീവായ യുവതിക്കു കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. കാസർകോട് ഉപ്പള സ്വദേശിനിയായ 38 വയസ്സുകാരിയാണ് ഇന്നലെ രാവിലെ ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 

108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷൻ റോബിൻ ജോസഫും പൈലറ്റ് ആനന്ദ് ജോണുമാണു ഡോക്ടറിൽ നിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു യുവതിയുമായി പരിയാരത്തേക്കു യാത്ര തിരിച്ചത്. യാത്രയ്ക്കിടെ യുവതിക്കു പ്രസവവേദന അനുഭവപ്പെട്ടതോടെ വനിതാ നഴ്സിന്റെ സേവനം ആവശ്യമാണെന്നു മനസ്സിലാക്കി  കനിവ് 108 ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എസ്.ശ്രീജയും വഴിയിൽ നിന്ന് ആംബുലൻസിൽ കയറി. 

പയ്യന്നൂർ കോത്തായംമുക്ക് എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതൽ വഷളാവുകയായിരുന്നു. പ്രസവം നടത്താതെ മുൻപോട്ടു പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായതോടെ ആംബുലൻസ് റോഡരികിൽ നിർത്തി റോബിന്റെയും ശ്രീജയുടെയും പരിചരണത്തിൽ 8.23നു യുവതി കുഞ്ഞിനു ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പു വരുത്തിയ ശേഷം ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. 

മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. ആംബുലൻസ് ജീവനക്കാരെ മന്ത്രി കെ.കെ.ശൈലജ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണു യുവതിക്കു കോവിഡ് പോസിറ്റീവായത്. 108 ആംബുലൻസ് ജീവനക്കാർ പിപിഇ കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാണു പ്രസവ ശുശ്രൂഷ നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here