കൊണ്ടോട്ടി പൊലീസ് സല്യൂട്ട് നടപടിയില്ല; അനുമതിയില്ലാതെ; ചട്ട വിരുദ്ധം; പക്ഷേ ഉദ്ദേശം നല്ലതെന്ന് വിലയിരുത്തൽ

0
186

മലപ്പുറം  (www.mediavisionnews.in): കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവർക്ക് സല്യൂട്ട് നൽകിയ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയുള്ള സല്യൂട്ട് ചട്ട വിരുദ്ധമാണെങ്കിലും സദുദ്ദേശത്തോടെയുള്ള പ്രവർത്തിയാണ് പൊലീസുകാരനിൽ നിന്നും ഉണ്ടായതെന്ന വിലയിരുത്തലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഉള്ളത്.കൊണ്ടോട്ടി സിഐ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഞായറാഴ്ച വൈകിട്ടാണ് കരിപ്പൂർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കൊണ്ടോട്ടി സ്വദേശികളെ  മലപ്പുറം കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ സല്യൂട്ട് ചെയ്തത്. രക്ഷാപ്രവർത്തകർ  ക്വറന്റൈനിൽ കഴിയുന്നയിടത്ത് ചെന്നാണ്  സല്യൂട്ട് നൽകിയത്. നടപടി ഔദ്യോഗിക അനുമതി ഇല്ലാതെ , സ്വേച്ഛ പ്രകാരം വ്യക്തിപരമായി ചെയ്തത് ആയിരുന്നു. പിന്നാലെ സല്യൂട്ട് നൽകിയതിനെ പ്രശംസിച്ച് കൊണ്ട് നിരവധി പ്രമുഖർ രംഗത്തെത്തി. സോഷ്യൽ മീഡിയയിലും ഇത് വൈറലായിരുന്നു.

വെള്ളിയാഴ്ച രാത്രി 7.45 നാണ് ദുബൈയിൽ നിന്ന് ഉള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ ജീവനക്കാർക്കൊപ്പം കൊണ്ടോട്ടിയിലെ ജനങ്ങൾ കൂടി സജീവമായി ഇടപെട്ടതാണ് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. കോവിഡ് ഭീതി വകവയ്ക്കാതെയാണ് നാട്ടുകാർ പരിക്കേറ്റവരെ പുറത്തെടുത്തതും സ്വന്തം വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചതും.

കൊണ്ടോട്ടിയിലെ നാട്ടുകാരുടെ ഈ ഇടപെടലാണ് വിമാന ദുരന്തത്തിന്റെ വ്യാപ്തിയും മരണനിരക്കും കുറച്ചത്. രക്ഷാപ്രവർത്തനത്തിൽ കോവിഡ് ഭീതി വകവെക്കാതെ നൂറുകണക്കിന് പ്രദേശ വാസികൾ ആണ് പങ്കെടുത്തത്. ഇവർ എല്ലാം ഇപ്പൊൾ ആരോഗ്യവകുപ്പിൻ്റെ നിർദേശപ്രകാരം നിരീക്ഷണത്തിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here