കര്‍ണ്ണാടകയിലേക്ക് ദിവസേന യാത്രചെയ്യുന്നവര്‍ക്ക് തലപ്പാടിയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി പാസ് അനുവദിച്ച് തുടങ്ങി; 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക

0
155

കാസര്‍കോട്: (www.mediavisionnews.in) കര്‍ണ്ണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നതുള്ള റഗുലര്‍ പാസ് ആനുവദിക്കുന്നതിന് ആര്‍.ടി.പി.സി. ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തി. പകരം ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് മാത്രമാണ് തലപ്പാടിയില്‍ പരിശോധന നടത്തുന്നതിന് തിരുമാനിച്ചിരുന്നത്. എന്നാല്‍ റഗുലര്‍ പാസിന് അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ഇതിന്റെ ഭാഗമായുള്ള സജ്ജീകരണം ആഗസ്റ്റ് 19 മുതല്‍ തലപ്പാടിയില്‍ ആരംഭിച്ചു. ഏകോപന ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മഞ്ചേശ്വരം തഹസില്‍ദാര്‍ക്കുമാണ്. ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റിയോഗത്തിലാണ് തിരുമാനം.

ടോക്കണ്‍ അടിസ്ഥാനത്തില്‍ 100 പേര്‍ക്കാണ് ഒരു ദിവസം പാസ് അനുവദിക്കുക. ഇങ്ങനെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ കാലാവധി 21 ദിവസമാണ്. പാസ് ലഭിച്ചവര്‍ 21 ദിവസത്തിന് ശേഷം വീണ്ടും ആന്റിജന്‍ ടെസ്റ്റിന് സന്നദ്ധരാകണം. ടെസ്റ്റ് നടത്തി വീണ്ടും പാസ് അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

പാണത്തൂര്‍ അതിര്‍ത്തി റോഡ് വഴി ആളുകളെ പ്രവേശിപ്പിക്കുന്നതിന് ചെക്ക് പോസ്റ്റും മറ്റും സജ്ജീകരിക്കുന്നതിന് പനത്തടി പഞ്ചായത്തും കര്‍ണ്ണാടകയിലെ കരിക്കെ പഞ്ചായത്ത് അധികൃതരും കൂടിയാലോചിച്ച് നടപടിയെടുക്കണം. ഇതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. പരിശീലനത്തിന് ആവശ്യമായ സാങ്കേതിക സഹായം ഡി.എം. ഒ യുടെ നേതൃത്വത്തില്‍ നല്‍കും. സംസ്ഥാന പാത 55 ജാല്‍സൂര്‍ റോഡിലും ഇതേ മാതൃകയില്‍ ചെക്ക് പോസ്റ്റ് സജ്ജീകരിക്കുന്നതിന് പ്രാദേശികമായി ഗ്രാമപഞ്ചായത്തുകള്‍ക്ക് തിരുമാനമെടുക്കാം.

അന്ത്യോദയ അന്നയോജന വിഭാഗത്തിന് 30000 ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ മറ്റ് വിഭാഗങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

മത്സ്യമാര്‍ക്കറ്റിലെ മീന്‍ വില്‍പനയ്ക്ക് പകരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം കണ്ടെത്തി നല്‍കുന്ന സ്ഥലത്ത് മീന് വില്‍പന അനുവദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here