മലപ്പുറം: രാജമല ദുരന്തത്തിന് പിന്നാലെയുണ്ടായ കരിപ്പൂരിലെ വിമാനാപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം. കാലവര്‍ഷ- കൊവിഡ് കെടുതികള്‍ രൂക്ഷമായിരിക്കേയാണ് വിമാന ദുരന്തവും കേരളത്തെ കണ്ണീരണിയിച്ചത്. എന്നാല്‍ കൊവിഡ് വ്യാപന ഭീതി വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നൂറുകണക്കിന് മനുഷ്യരുടെ തീവ്രശ്രമം കരിപ്പൂര്‍ ദുരന്തത്തിന്‍റെ തീവ്രത കുറച്ചു. മലപ്പുറത്തെയും കോഴിക്കോട്ടെയും മനുഷ്യനന്മയെ കേരളം ആദരവോടെ പുല്‍കുമ്പോള്‍ പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയുടെ ഞെട്ടലിലാണ് ഏവരും.
പ്രചാരണം ഇങ്ങനെ
‘കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാന യാത്രക്കാരുടെ ബാഗേജ് മോഷ്‌ടിക്കാന്‍ ശ്രമിച്ച ചേലേമ്പ്ര സ്വദശി സലാമിനെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വിലപിടിപ്പുള്ള നിരവധി സാധനങ്ങള്‍ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു’. ഒരു വ്യക്തിയുടെ ചിത്രം സഹിതം വാട്‌സ്ആപ്പില്‍ പ്രചരിച്ച സന്ദേശം ഇതായിരുന്നു. Breaking എന്ന ടൈറ്റിലോടെയാണ് ഈ ചിത്രം ഷെയര്‍ ചെയ്യപ്പെടുന്നത്.

വസ്‌തുത
എന്നാല്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്, കരിപ്പൂരില്‍ ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വസ്‌തുത പരിശോധന രീതി
വാട്‌സ്‌ആപ്പില്‍ പ്രചരിക്കുന്ന ഈ സന്ദേശം വ്യാജമാണ് എന്ന് ഐ ആന്‍ഡ് പിആര്‍ഡി ഫാക്‌ട് ചെക്ക് വിഭാഗമാണ് അറിയിച്ചത്. കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്‌ഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിഗമനം
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവരുടെ ബാഗേജ് മോഷ്‌ടിക്കാന്‍ ശ്രമിച്ച ഒരാള്‍ അറസ്റ്റിലായി എന്നത് വ്യാജ പ്രചാരണമാണ്. ദുരന്തത്തില്‍പ്പെട്ട പ്രവാസികളെ കൊവിഡ് പ്രോട്ടോക്കോളുകളും റെഡ് അലര്‍ട്ടും വകവെക്കാതെ ആശുപത്രിയില്‍ എത്തിച്ച നാട്ടുകാരെ അപമാനിക്കുന്നതാണ് ഈ പ്രചാരണം. കൊവിഡ് വ്യാപനത്തിനിടെ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍ വിമാനമാണ് കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.