തിരുവനന്തപുരം: കണ്ടെയ്ൻമെന്‍റ് സോണുകൾ തീരുമാനിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ തീരുമാനം സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുക ഇനി ദുരന്ത നിവാരണ സേനയായിരിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതലയായിരിക്കും പൊലീസിന്. താഴെ തട്ടിലുള്ള വിവരശേഖരണമടക്കമുള്ള കാര്യങ്ങൾ ദുരന്ത നിവാരണ സേനയായിരിക്കും കൈകാര്യം ചെയ്യുക. നേരത്തെയുള്ള നിർദ്ദേശങ്ങളിൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.
കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിയന്ത്രണം നടപ്പാക്കും മുൻപ് പൊതുജനത്തെ അറിയിക്കണമെന്നും പുതിയ ഉത്തരവിൽ നിഷ്കർഷിക്കുന്നു. കൊവിഡ് വിവരശേഖരണവും കണ്ടെയ്ൻമെന്‍റ് സോൺ നിർണ്ണയവും അടക്കമുള്ള ജോലികൾ പൊലീസിനെ ഏൽപ്പിച്ചതിനെതിരെ വ്യാപക അതൃപ്തി വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു.
രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ആരോഗ്യപ്രവർത്തകരിൽ നിന്നും മാറ്റി പൊലീസുകാരെ ഏല്പിച്ച തീരുമാനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ടായിരുന്നു.