ചെന്നൈ (www.mediavisionnews.in):കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ നടക്കുന്നതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഭാര്യ, മക്കള്‍ എന്നിവരെ ഒപ്പം കൂട്ടരുതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കി. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ വീട്ടുകാരെയും കൂടെ കൂട്ടണമോ എന്ന കാര്യം ഫ്രാഞ്ചൈസികള്‍ക്ക് തീരുമാനിക്കാമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് വീട്ടുകാരെ കൂടെ കൂട്ടേണ്ട എന്ന തീരുമാനത്തില്‍ സിഎസ്‌കെ എത്തിയത്.
യു.എ.ഇലേക്കുള്ള യാത്രയ്ക്കായുള്ള ഒരുക്കങ്ങള്‍ എല്ലാ ഫ്രാഞ്ചൈസികളും തുടങ്ങി കഴിഞ്ഞു. ചെന്നൈ ടീം 22-നാകും പുറപ്പെടുക. യാത്രയ്ക്കു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ടീം തങ്ങളുടെ താരങ്ങളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും യു.എ.ഇയില്‍ പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് തവണയെങ്കിലും കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പു വരുത്തണമെന്നാണ് ബി.സി.സി.ഐയുടെ നിര്‍ദ്ദേശം. രണ്ട് തവണ കോവിഡ് നെഗറ്റീവായാല്‍ മാത്രമേ താരങ്ങളെ യുഎഇയിലേക്കു പോകാന്‍ അനുവദിക്കൂ.
എട്ട് ഫ്രാഞ്ചൈസികളും എട്ട് വ്യത്യസ്ത ഹോട്ടലുകളില്‍ താമസം ഒരുക്കണം. ഡ്രസ്സിംഗ് റൂമിലും മറ്റും സാമൂഹിക അകലം പാലിക്കുകയും വേണം. യു.എ.ഇയിലെത്തി ആദ്യ ആഴ്ചയില്‍ കളിക്കാരും ടീം ഒഫീഷ്യല്‍സും ഹോട്ടലില്‍ പരസ്പരം കൂടിക്കാഴ്ച നടത്താന്‍ പാടില്ല. കോവിഡ് പരിശോധനാഫലം മൂന്ന് തവണയെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞതിനു ശേഷമെ ഒഫീഷ്യല്‍സിന് കളിക്കാരെ കാണാന്‍ അനുമതിയുണ്ടാകു.
ബയോ സെക്യുര്‍ മേഖലയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.എല്‍ പെരുമാറ്റച്ചട്ടം മുന്‍നിര്‍ത്തി നടപടിയുണ്ടാകും. ചട്ടങ്ങള്‍ ലംഘിച്ച് പുറത്തു പോകുന്നവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഇതിനുശേഷം കോവിഡ് പരിശോധനക്ക് വിധേയരാക്കി ഫലം നെഗറ്റീവായാല്‍ മാത്രമെ വീണ്ടും ബയോ സെക്യുര്‍ മേഖലയില്‍ പ്രവേശിപ്പിക്കൂ.