കണ്ണൂർ:കരിപ്പൂരിലെ വിമാനാപകടത്തെക്കുറിച്ചുള്ള വാർത്ത കേട്ട നിമിഷം കണ്ണൂർ മട്ടന്നൂർ പെരിയത്തിൽ സ്വദേശി പി. അഫ്സലിന് ഒരു ഞെട്ടലാണുണ്ടായത്. ഒരു അഞ്ഞൂറ് ദിർഹം കയ്യിലുണ്ടായിരുന്നെങ്കിൽ ഈ ഇരുപത്തിയാറുകാരനും അതിലൊരു യാത്രക്കാരനാകേണ്ടതായിരുന്നു.
നാല് വർഷമായി അഫ്സൽ യു.എ.ഇയിലാണ്. അബുദാബി ഡേറ്റ്സ് കമ്പനി ജീവനക്കാരനായ ഈ യുവാവ് പ്രിയപ്പെട്ടവരുടെയടുത്തെത്താൻ യാത്ര പുറപ്പെട്ടതായിരുന്നു. ടിക്കറ്റെടുത്തെങ്കിലും വിസ കാലാവധി കഴിഞ്ഞതിനാൽ വിമാനത്തിൽ കയറ്റിയില്ല. നാട്ടിലേക്ക് പോകണമെങ്കിൽ പിഴയായി 1000ദിർഹം അടയ്ക്കണം. ആകെ കയ്യിലുള്ളത് 500 ദിർഹവും.
ഉടൻ തന്നെ താൻ ജോലി ചെയ്യുന്ന കമ്പനിയിലെ മാനേജറെ സഹായത്തിനായി വിളിച്ചു. അദ്ദേഹം കാശ് കൊടുത്തുവിട്ടയാൾ പണവുമായെത്തിയപ്പോഴേക്കും വിമാനം പുറപ്പെടാൻ റൺവെയിലേക്ക് നീങ്ങിയിരുന്നു. ഇതോടെ ആകെ നിരാശയിലായി ബന്ധുവിന്റെ മുറിയിലേക്ക് പോയി. രാത്രി അപകടവിവരമറിഞ്ഞതോടെ,ആ 500 ദിർഹമാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് നൗഫൽ മനസിലാക്കി. ഉമ്മയുടെ പ്രാർഥനയുടെ പുണ്യമാണിതെന്ന് യുവാവ് പറയുന്നു.
സമാന സാഹചര്യത്തിൽ ജീവൻ രക്ഷപ്പെട്ട മറ്റൊരാൾ കൂടിയുണ്ട്. മലപ്പുറം തിരുന്നാവായ സ്വദേശി നൗഫൽ. ദുബായ് വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ് കരസ്ഥമാക്കി.എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാൻ ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലാത്തതിനാൽ യാത്ര വേണ്ടെന്നുംവയ്ക്കുകയായിരുന്നു നൗഫൽ. അദ്ദേഹം ഇപ്പോൾ ഷാർജയിലെ താമസസ്ഥലത്ത് സുഖമായിരിക്കുന്നു. കണ്ണൂർ എയർപോർട്ട് എഫ്ബി ഫാൻസ് എന്ന പേജിലാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വാർത്ത വന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
നൗഫൽ
ഇദ്ദേഹത്തിന്റെ പേരു അപകടത്തിൽ പെട്ട വിമാനത്തിലെ passengers ലിസ്റ്റിൽ ഉണ്ട്.. പക്ഷെ അദ്ദേഹം ആ വിമാനത്തിൽ കയറിയിട്ടില്ല..
കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് മലപ്പുറം തിരുന്നാവായ സ്വദേശി നൗഫൽ.ദുബൈ വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ് കരസ്ഥമാക്കി.എമിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോൾ,വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ അടക്കാൻ പറഞ്ഞു.കൈയിൽ പണമില്ലാത്തതിനാൽ യാത്ര വേണ്ടെന്ന് വെച്ചു..ഇപ്പോൾ ഷാർജയിൽ താമസ സ്ഥലത്ത് ഉണ്ട്.. ബോർഡിങ് പാസ്സ് എടുത്തതു കൊണ്ടാണ് passengers ലിസ്റ്റിൽ പേരുള്ളത് അദ്ദേഹം സുരക്ഷിതനാണ്..
Uae വിസ തീർന്നെങ്കിലും.. ഈ ലോകത്തിൽ ജീവിക്കാനുള്ള വിസ അദ്ദേഹത്തിന് പുതുക്കി കിട്ടി…