തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടുകള്‍ക്കാണ് പ്രമേയം നിയമസഭ തള്ളിയത്.
40 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 87 പേര്‍ എതിര്‍ത്തു. മൂന്ന് പേര്‍ വിട്ടു നിന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പോടെ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
11 മണിക്കൂറിലേറെ നീണ്ടു നിന്നു അവിശ്വാസ പ്രമേയ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗം 3.45 മണിക്കൂര്‍ നീണ്ടുനിന്നു. കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗമാണിത്.
എന്നാല്‍ നീണ്ട പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകാത്തത് ശ്രദ്ധേയമായി. മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും പ്രസംഗം വലിച്ചു നീട്ടുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുളത്തിലിറങ്ങി പ്രതിഷേധിക്കുകയുണ്ടായി.