ന്യൂദല്‍ഹി: (www.mediavisionnews.in) ആരോഗ്യ ഐ.ഡിയുടെ മറവില്‍ പൗരന്മാരുടെ ജാതിയും മതവും ചോദിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ ലൈംഗിക താത്പര്യം, സാമ്പത്തിക നില, രാഷ്ട്രീയ താത്പര്യം, രാഷ്ട്രീയ ചായ്‌വ് തുടങ്ങിയവയുടെ സമഗ്ര വിവരങ്ങളും പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് ആരോഗ്യ നയത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനെതിര ഉണ്ട്. പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തിലായിരുന്നു ഓരോ പൗരനും ഹെല്‍ത്ത് ഐ.ഡി എന്ന പ്രഖ്യാപനം ഉണ്ടായത്.
ഇതില്‍ പ്രധാനമായും പൗരന്മാരുടെ രോഗവിവരങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ഡാറ്റാ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യം എന്ന തരത്തിലാണ് പ്രധാനമന്ത്രി ഹെല്‍ത്ത് ഐ.ഡിയുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്.
വ്യക്തികളുടെ സ്വാകാര്യ വിവരങ്ങള്‍ക്കും അപ്പുറത്തേക്ക് അതിസ്വാകാര്യ വിവരങ്ങള്‍ കൂടി ശേഖരിക്കുന്ന വിധത്തിലാണ് ആരോഗ്യ ഐ.ഡിയുടെ കരട് രേഖ പുറത്ത് വന്നിരിക്കുന്നത്. വ്യക്തികളോട് ഏത് രാഷ്ട്രീയ പാര്‍ട്ടിയോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്, ഉഭയ ലൈംഗിക ബന്ധമാണോ, ട്രാന്‍സ്‌ജെന്‍ഡറാണോ തുടങ്ങിയ വിവരങ്ങളും കേന്ദ്രം ആരായുന്നുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ ക്രെഡിറ്റ് കാര്‍ഡിന്റെയും ഡെബിറ്റ് കാര്‍ഡിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താനും കേന്ദ്രം പറയുന്നു. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ ഇരിക്കെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന നിര്‍ണായ കരടു രേഖയുമായി കേന്ദ്രം രംഗത്തെത്തിയത്.