വിമാനത്താവള വിഷയത്തില്‍ പോലും ഭിന്നത രൂക്ഷമായതോടെ നാളത്തെ നിയമസഭ സമ്മേളനം ഒരുപകല്‍ മുഴുവന്‍ നീളുന്ന ഭരണപ്രതിപക്ഷ പോരിന് വേദിയാകും. അഞ്ച് മണിക്കൂര്‍ നീളുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയും രാജ്യസഭ വോട്ടെടുപ്പും സഭയ്ക്ക് പുറത്തെ ബി.ജെ.പി സമരവും രാഷ്ട്രീയകേരളത്തിന്റ കണ്ണ് നിയമസഭയിലേക്ക് മാത്രമായി ചുരുക്കും. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് നിയമസഭ അവിശ്വാസചര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നത്.
കോവിഡിനെതിരെയാണ് അദ്യപോര്. എം.എല്‍.എമാര്‍ക്കുള്ള രാവിലത്തെ ആന്റിജന്‍ ടെസ്റ്റില്‍ ഭരണമെന്നോ പ്രതിപക്ഷമെന്നോ ഇല്ലാതെ എല്ലാവരും ഒന്നിച്ച് നില്‍ക്കും. പോസിറ്റീവ് ആകുന്നവര്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് രാജ്യസഭ വോട്ട് ചെയ്തിട്ട് തിരിച്ചുപോരാം. നെഗറ്റീവാകുന്നവര്‍ക്ക് സഭയ്ക്കുള്ളില്‍ ഒരു പകല്‍ നീളുന്ന വാക്പോരിലേക്ക് വഴിതുറക്കും.
ഒന്‍പത് മണിക്ക് നടപടി ക്രമങ്ങള്‍ തുടങ്ങും. പ്രതിപക്ഷം അവിശ്വാസം രേഖപ്പെടുത്തിയ സ്പീക്കര്‍ക്ക് സഭയെ നിയന്ത്രിക്കാന്‍ എന്തധികാരമെന്ന ചോദ്യം യു.ഡി.എഫ് തുടക്കത്തിലെ ഉയര്‍ത്തും. സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ പതിനാല് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന മറുവാദം ഉന്നയിച്ച് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ തീരുമാനിച്ചാല്‍ സാമൂഹിക അകലം പാലിച്ച് ഒരുക്കിയ ഇരിപ്പിടങ്ങള്‍ തുടക്കത്തിലെ വെറുതെയാകും.
ഒരു മണിക്കൂര്‍ കൊണ്ട് ധനബില്‍ പാസാക്കണം. പിന്നെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുത്തതിനെതിരെയുള്ള സംയുക്ത പ്രമേയം. കഴിഞ്ഞദിവസം വരെ ഇക്കാര്യത്തില്‍ ഒന്നിച്ച് നിന്നവര്‍ ഇക്കാര്യത്തിലും ചേരിതിരിഞ്ഞ് പൊരുതും. വിമാനത്താവള ലേലത്തിനുള്ള നിയമോപദേശം തേടിയത് ഇതേ അദാനിയുടെ ബന്ധുവില്‍ നിന്നാണെന്ന് വ്യക്തമായതോടെ ജനങ്ങളെ വഞ്ചിച്ചെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്ന പത്ത് മണി മുതല്‍ മൂന്നുമണി വരെയാണ് സഭ സമ്മേളനത്തിലെ ഏറ്റവും നിര്‍ണായക മണിക്കൂര്‍. സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും സഭയ്ക്ക് പുറത്ത് പ്രകടിപ്പിക്കാന്‍ കഴിയാതെപോയ പ്രതിഷേധം സഭയില്‍ പ്രതിഫലിക്കാനാണ് പ്രതിപക്ഷ തീരുമാനം. യു.ഡി.എഫില്‍ നിന്ന് മാറി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം അവിശ്വാസ പ്രമേയത്തിലെടുക്കുന്ന നിലപാടും പ്രധാനം. ഭരണപ്രതിപക്ഷങ്ങള്‍ സഭയ്ക്കുള്ളില്‍ തമ്മിലടിക്കുമ്പോള്‍ ഏക ബിജെപി എം.എല്‍.എ രാജഗോപാല്‍ സഭയ്ക്ക് പുറത്ത് ഉപവാസമിരിക്കും.
ഇതൊന്നും ബാധിക്കാതെ രാജ്യസഭ ഉപതിരഞ്ഞെടുപ്പിന്റ വോട്ടെടുപ്പ് മറുവശത്ത് നടക്കും.