റിയാദ്: സൗദി അറേബ്യയിലെ മുസ്‌ലിം ആരാധനാലയങ്ങളിലെ ഔദ്യോഗിക ചുമതലകളുള്ള സ്ത്രീകളുടെ എണ്ണം കൂടുന്നു. മക്കയിലെയും മദീനയിലെയും രണ്ടു പ്രമുഖ മസ്ജിദുകളില്‍ വിവിധ തസ്തിതകളിലായി 10 സ്ത്രീകളെ കൂടിയാണ് നിയമിച്ചിരിക്കുന്നത്. ഭരണനിര്‍വഹണം, സാങ്കേതികം എന്നീ വകുപ്പുകളിലുള്‍പ്പെടെയാണ് നിയമനം. രണ്ടു പള്ളികളുടെയും ജനറല്‍ പ്രസിഡന്‍സി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.
2018 ല്‍ ഈ രണ്ടു പള്ളികളിലെയും നേതൃസ്ഥാനങ്ങളിലേക്ക് 41 സ്ത്രീകളെയാണ് നിയമിച്ചത്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി രാജ്യത്തെ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് ഈ മാറ്റങ്ങള്‍.
അടുത്തിടെയായി സൗദിയില്‍ തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2019 അവസാനത്തോടെ രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 10 ലക്ഷം കടന്നിരുന്നു. (1.03 മില്യണ്‍). രാജ്യത്തെ ആകെ വര്‍ക്‌ഫോഴ്‌സിന്റെ 35 ശതമാനം വരുമിത്. 2015 ല്‍ 816,000 ആയിരുന്നു സൗദിയിലെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം.