കോവിഡ് 19 മഹാമാരിയെ തുടർന്ന് രാജ്യമെങ്ങും സ്കൂളുകൾ അടച്ചിട്ട നിലയിലാണ്. ഉള്ളതു പറഞ്ഞാൽ മിക്ക കുട്ടികളും കിട്ടിയ അവസരം അവധിക്കാലമായി വീട്ടിൽ ആഘോഷിക്കുകയാണ്. അതുകൊണ്ടു തന്നെ പലർക്കും സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും സഹിക്കാൻ പറ്റുന്നില്ല. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കുട്ടിയുടെ സങ്കടം നെറ്റിസൻസും ഏറ്റെടുത്തു കഴിഞ്ഞു.
ട്വിറ്ററിൽ വൈറലായ വീഡിയോയിൽ ഒരു ചെറിയ ആൺകുട്ടിയോട് സ്കൂൾ തുറക്കാൻ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ്. ഓഗസ്റ്റ് പതിനഞ്ചിന് വീണ്ടും സ്കൂളുകൾ തുറക്കണമെന്ന് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ ‘ഇല്ല’ എന്നു പറഞ്ഞ് വിതുമ്പിക്കരയുകാണ് കുട്ടി. ഡോ. അരവിന്ദ് മായരൻ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അറുപതിനായിരത്തിലധികം ആളുകളാണ് രണ്ട് ദിവസം മുമ്പ് പങ്കുവെച്ചിരിക്കുന്ന വീഡിയോ ട്വിറ്ററിൽ കണ്ടത്. ഏതായാലും, കുട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നവർ ആയിരുന്നു ഭൂരിഭാഗം നെറ്റിസൻസും.
നിഷ്കളങ്കമായ നമ്മുടെ ബാല്യകാലത്ത് നമ്മളും ഇതേ മാനസികാവസ്ഥയിലൂടെ കടന്നു പോയിരിക്കാമെന്ന് ഒരാൾ കമന്റ് ചെയ്തു. ഏതായാലും കുട്ടിയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നെന്നും അവർ പറഞ്ഞു.
അതേസമയം, രാജ്യത്ത് സ്കൂളുകളും കോളേജുകളും തുറക്കാൻ ഇതുവരെ നരേന്ദ്ര മോദി സർക്കാർ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. സെപ്തംബർ ഒന്നു മുതൽ തുറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് തള്ളിക്കളഞ്ഞു. സ്കൂളുകൾ എന്ന് തുറക്കാമെന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.