സഭയില്‍ ക്ഷുഭിതനായി പിണറായി; പിണറായിയും ചെന്നിത്തലയും നേര്‍ക്കുനേര്‍

0
319

തിരുവനന്തപുരം: (www.mediavisionnews.in) തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികള്‍ക്ക് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലേലത്തുക നിശ്ചയിച്ചതില്‍ മംഗള്‍ ദാസിന് ബന്ധമില്ല. പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ സംസ്ഥാനം സമീപിച്ചത്. നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് കമ്പനി നോക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

അദാനിയെ ഒരേസമയം എതിര്‍ക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പ്രതിപക്ഷം പറഞ്ഞു. നടന്നത് ക്രിമിനല്‍ ഗൂഢാലോചനയാണ്. മംഗള്‍ദാസ് കുപ്രസിദ്ധമായ കമ്പനിയാണെന്നും പ്രമേയത്തെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു, സിയാലിനെ കണ്‍സള്‍ട്ടന്റ് ആക്കാത്തത് എന്തുകൊണ്ട്?. അദാനിയെ സഹായിക്കാന്‍ ഗൂഢാലോചന നടന്നു. പ്രമേയത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നു. സംസ്ഥാന താല്‍പര്യം ആയത് കൊണ്ട് മാത്രമാണ് പിന്തുണക്കുന്നതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.

അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നം എന്ന് മുഖ്യമന്ത്രിയുടെ മറുപടി സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി, പ്രതിപക്ഷത്തിന് വെപ്രാളമാണെന്ന് തിരിച്ചടിച്ച മുഖ്യമന്ത്രി കള്ളങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടാനാണ് പ്രതിപക്ഷ ശ്രമമെന്നും ആരോപിച്ചു. ആകെ വല്ലാത്ത വെപ്രാളത്തിലാണ് പ്രതിപക്ഷം . അതുകൊണ്ടാണ് സഭയില്‍ ഓരോന്ന് വിളിച്ച് പറയുന്നത്. പറഞ്ഞ് തുടങ്ങുന്നതിന് മുന്‍പ് ഇരിപ്പുറക്കാത്ത വിധം പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്‌കാരത്തോടെ ഇടപെടണം. എന്ത് ആരോപണവും ഉന്നയിക്കാം. അതിന് മറുപടി പറയാന്‍ ശ്രമിച്ചാല്‍ ബഹളത്തില്‍ മുക്കാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പേടിപ്പിക്കാന്‍ വരരുതെന്നായിരുന്നു പ്രതിപക്ഷ പ്രതികരണം. എന്തെങ്കിലും പറഞ്ഞ് പോയാല്‍ അത് പേടിപ്പിക്കലായോ എന്ന് മുഖ്യമന്ത്രി. ബഹളത്തിനിടെ ഒരിടക്ക് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നേര്‍ക്കുനേര്‍ വരുന്ന അവസ്ഥയും ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here