വൈറല്‍ സന്ദേശങ്ങളുടെ വസ്തുത പരിശോധിക്കാം; വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍

0
202

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വാട്ട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരെ ‘മാമന്മാര്‍’ എന്നൊക്കെ വിശേഷിപ്പിച്ച് കാണാറുണ്ട്. ഇത്തരം മാമന്മാര്‍ അയക്കുന്ന വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കുക എന്നത് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവിനെ സംബന്ധിച്ച തലവേദനയാണ്. ചിലപ്പോള്‍ വിശ്വാസ യോഗ്യമായി തോന്നി അത് അങ്ങ് ഫോര്‍വേഡും ചെയ്ത് പോകും.

ഇപ്പോള്‍ ഇതാ ഇത്തരം വൈറല്‍ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാനും, വസ്തുത പരിശോധനയ്ക്കും വാട്ട്സ്ആപ്പ് തന്നെ ഫീച്ചര്‍ അവതരിപ്പിക്കുന്നു. നേരത്തെ തന്നെ പ്രഖ്യാപിച്ച ഈ ഫീച്ചര്‍ ഇപ്പോള്‍  ഇറങ്ങി കഴിഞ്ഞു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ബ്രസീല്‍, ഇറ്റലി, അയര്‍ലാന്‍റ്, സ്പെയിന്‍, യുകെ, യുഎസ്എ രാജ്യങ്ങളിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാകുന്നത്.

ഈ ഫീച്ചര്‍ ഇങ്ങനെയാണ്, അഞ്ച് തവണയില്‍ കൂടുതല്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് ഒപ്പം ഇനി മുതല്‍ ഒരു മാഗ്നിഫൈയിംഗ് ഗ്ലാസിന്‍റെ ചിഹ്നവും ഉണ്ടാകും. ലഭിക്കുന്ന സന്ദേശത്തിന്‍റെ ആധികാരികതയും വസ്തുതയും പരിശോധിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിലേക്ക് പോകും. ഇവിടുത്തെ റിസല്‍ട്ടുകള്‍ പരിശോധിച്ച് ഉപയോക്താവിന് തന്നെ സന്ദേശത്തിന്‍റെ വസ്തുത മനസിലാക്കാം.

പൈലറ്റ് സ്റ്റേജില്‍ ഇപ്പോള്‍ ഉള്ള ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വാട്ട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉടന്‍ തന്നെ ആഗോള വ്യാപകമായി ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ലഭ്യമാക്കും. കൊവിഡ് മഹാമാരിക്കാലത്ത് നിരവധി വ്യാജ സന്ദേശങ്ങള്‍ വാട്ട്സ്ആപ്പ് വഴി പ്രചരിക്കുന്നത് കൂടി കണക്കിലെടുത്താണ് വാട്ട്സ്ആപ്പിന്‍റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here