കോഴിക്കോട്: ശക്തമായ മഴയിലുംകാറ്റിലും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശക്തമായ കാറ്റും മഴയുമെത്തിയത്. കോഴിക്കോട് നഗരപ്രദേശത്താണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. പുതിയങ്ങാടി, ഈസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസ്, കാമ്പുറം, കോവൂര്‍, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, ഫാത്തിമ ഹോസ്പിറ്റലിന് സമീപം എന്നിവിടങ്ങളിലെല്ലാം മരംവീണു. ചിലയിടങ്ങളില്‍ റോഡുകളിലും വൈദ്യുതകമ്പികളിലും മരം വീണു. ഇതുകാരണം ഗതാഗതവും വൈദ്യുതിയും മുടങ്ങി. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിലെ താഴ്ന്നപ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളില്‍ ശക്തമായ കടലേറ്റവുമുണ്ടായി.
വയനാട് തവിഞ്ഞാലിൽ വീടിന് മുകളിൽ മരം വീണ് ആറു വയസ്സുകാരി മരിച്ചു. വാളാട് തോളക്കര കോളനിയില്‍ ബാബുവിന്റെ മകള്‍ ജ്യോതികയാണ് മരിച്ചത്. ബാബുവിന് ഗുരുതര പരിക്കേറ്റു.
കണ്ണൂരില്‍ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകള്‍ മരം വീണ് തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വൈദ്യുതലൈന്‍ പൊട്ടിവീണും മറ്റും പലയിടങ്ങളിലും ഏറെനേരം വൈദ്യുതിബന്ധം തടസ്സപ്പെട്ടു. കണ്ണൂര്‍ അഗ്‌നിരക്ഷാനിലയത്തിന് സമീപത്തെ റോഡിലൂടെ പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരം വീണത്. മരം മാറ്റി കാറിലുണ്ടായിരുന്നവരെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ആസ്പത്രിയിലെത്തിച്ചു. മേലെചൊവ്വ ദേശീയപാതയില്‍ കൂറ്റന്‍ മരം റോഡിന് കുറുകെ കടപുഴകിയതിനാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസെത്തി വാഹനങ്ങള്‍ തിരിച്ചുവിട്ടു. ലോറിക്ക് തൊട്ടുമുന്നിലായാണ് മരംവീണത്. കാറ്റിന്റെ ശക്തിയില്‍ കണ്ണൂര്‍ സിറ്റിയിലെ കടകളുടെ ഓടുകളും മേല്‍ക്കൂരയിലിട്ട ഷീറ്റുകളും പാറിപ്പോയി.
ഒരേസമയം നിരവധി ഫോണ്‍വിളികളാണ് കണ്ണൂര്‍ അഗ്‌നിരക്ഷാനിലയത്തിലേക്ക് വന്നത്. ഇവിടെയുണ്ടായിരുന്ന നാല് യൂണിറ്റ് വാഹനങ്ങളും പലയിടങ്ങളിലായി പാഞ്ഞെത്തിയാണ് പ്രശ്‌നപരിഹാരത്തിനായി പ്രയത്‌നിച്ചത്. പോലീസുകാരും കെ.എസ്.ഇ.ബി. ജീവനക്കാരും അപകടമൊഴിവാക്കാനായി പലയിടങ്ങളിലേക്കായുള്ള ഓട്ടത്തിലായിരുന്നു. കാസര്‍കോട് ചെറുവത്തൂര്‍, ബന്തടുക്ക തൃക്കരിപ്പൂര്‍, ചീമേനി, രാജപുരം എന്നവിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു.