തിരുവനന്തപുരം: മൂന്നാര്‍ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ആശ്വാസ ധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു.ഇതില്‍ 15 പേരെ രക്ഷിച്ചു. 15 പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാന്ധിരാജ്, ശിവകാമി, വിശാല്‍, മുരുകന്‍, രാമലക്ഷ്മി, മയില്‍സാമി, കണ്ണന്‍, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാള്‍, സിന്ധു, നിതീഷ്, പനീര്‍ശെല്‍വം, ഗണേശന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമലയില്‍ വൈദ്യുതിയും വാര്‍ത്താ വിനിമയ ബന്ധവും തടസപ്പെട്ടത് ദുരന്തം അറിയാന്‍ വൈകിയെന്നും . പാലം ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകന്‍ എത്താന്‍ വൈകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തുന്നുണ്ട്. കനത്ത മഴ മുന്നില്‍ കണ്ട് ദേശീയ ദുരന്ത നിവാരണ സേനയുടെ യൂണിറ്റിനെ ഇടുക്കിയില്‍ നിയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.