തിരുവനന്തപുരം: (www.mediavisionnews.in) മുഹമദ് ഹഖിന്റെയും മിഥിലാജിന്റേയും മരണത്തോടെ രണ്ട് കുടുംബങ്ങൾക്ക് ഏക അത്താണിയാണ് നഷ്ടമായത്. പ്രാദേശിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഇരുവരുടേയും മരണം നാട്ടുകാർക്കും ഏറെ ഞെട്ടലുണ്ടാക്കി.
സുഹൃത്തുക്കളും രാഷ്ട്രീയ രംഗത്ത് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നവരുമായിരുന്നു കൊല്ലപ്പെട്ട യുവാക്കൾ. നാടിന് പ്രിയപെട്ടവരായ ഹക്ക് മുഹമ്മദിന്റെയും മിഥിലാജിന്‍റെയും വേർപാടിന്റെ വേദനയലാണ് വേണ്ടപ്പെട്ടവർ.
പിതാവിനോപ്പം വെഞ്ഞാറമൂട്ടിലെ മീൻ കടയിലേക്ക് മീൻ എത്തിച്ചു കൊടുക്കുന്ന ജോലിയായിരുന്നു ഹക്കിന്. തിരുവോണ ദിവസമായ ഇന്നലെ രാവിലെ മീനെടുക്കാനായി തൂത്തുക്കുടിയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ അർദ്ധരാത്രിയിൽ കുടുംബത്തെ തേടിയെത്തിയത് മരണ വാർത്ത.
ഭാര്യ നജ്‌ലയെയും ഒരു വയസുകാരിയായ ഐറു മെഹ്റാനെയും അനാഥരാക്കിയാണ് ഹക്ക് യാത്രയായത്. ജോലിക്കായി ഗൾഫിലേക്ക് പോകുക എന്ന സ്വപ്നവും ബാക്കിയാക്കി. രാഷ്ട്രീയമായ ഭീഷണിയുണ്ടായിരുന്നെങ്കിലും ഇത്രയും നീചമായ പ്രതികാരം ഹക്കോ കുടുംബമോ പ്രതീക്ഷിച്ചിരുന്നില്ല.
ലോറിയിൽ പച്ചക്കറി വിൽപന നടത്താറുണ്ടായിരുന്ന മിഥിലാജിനൊപ്പം പലപ്പോഴും ഹക്കും കച്ചവടത്തിന് ഒപ്പം പോകാറുണ്ടായിരുന്നു. ഹക്കിനെ തേമ്പാംമൂട് എത്തിക്കുന്നതിനായി മിഥിലാജ് ബൈക്കിൽ യാത്ര തിരിച്ചത് അഞ്ച മാസം മുൻപ് വാങ്ങിയ പുതിയ വീട്ടിൽ നിന്നാണ്. ഭാര്യയും ഒൻപതും അഞ്ചും വയസുള്ള രണ്ട് ആൺമക്കൾക്കുമൊപ്പം പുതിയ ജീവിതത്തിന്റെ സന്തോഷം ആസ്വദിക്കുന്നതിനിടെയായിരുന്നു വിധിയുടെ ക്രൂരത. കുവൈറ്റിലുള്ള മിഥിലാജിന്റെ മാതാപിതാക്കൾക്ക് മരണ ചടങ്ങിൽ പങ്കടുക്കാനാകില്ല.