കോഴിക്കോട്: കണ്ണൂരിലെ ഭരണാധികാരിയായിരുന്ന മുഹമ്മദലിയെന്ന സ്വഹാബിയാണ് മാവേലിയെന്ന് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ക്ലിപ്പിലാണ് ഈ പരാമര്‍ശമുള്ളത്. മുഹമ്മദലി എന്ന പേര് മുസ്‌ലിംകള്‍ തന്നെ കൃത്യമായി വിളിക്കാറില്ല. അറബികള്‍ക്ക് മാത്രമേ അത് കൃത്യമായി പറയാനാവൂ. മലയാളികള്‍ മൊയമാലി, മമ്മാലി, മൊയമദാലി എന്നൊക്കെയാണ് ഉച്ചരിക്കാറുള്ളത്. ചിലര്‍ മുഹമ്മദാലിയെ മാവോലിയെന്ന് വിളിച്ചു. അങ്ങനെയാണ് മാവേലിയായത് എന്നും അദ്ദേഹം പറയുന്നു. യഥാര്‍ത്ഥ മാവേലി പ്രവാചകന്റെ അനുയായി ആയ ബഹുമാനിക്കപ്പെടെണ്ട മുഹമ്മദാലിയെന്ന സ്വഹാബിയാണെന്നും അദ്ദേഹം പറയുന്നു.
ക്ലിപ്പ് പ്രചരിച്ചതോടെ വിശദീകരണവുമായി മുള്ളൂര്‍ക്കര രംഗത്തെത്തി. താന്‍ പറഞ്ഞത് യഥാര്‍ത്ഥ ചരിത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. സൈഫുദ്ദീന്‍ മുഹമ്മദ് അലി എന്ന സ്വഹാബിയാണ് മാവേലി. 10 വര്‍ഷം മുമ്പുള്ള പ്രസംഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വി.എ അഹമ്മദ് കബീര്‍ എഴുതിയ കേരളത്തിലെത്തിയ സ്വഹാബാക്കള്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.