തലശ്ശേരി: (www.mediavisionnews.in) മീൻവണ്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ ഒരാൾ എക്സൈസ് പിടിയിലായി. തലശ്ശേരിയിൽ കഞ്ചാവ് എത്തിച്ച് ഇടപാടുകാർക്ക് കൈമാറുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി യുവാവിനെ എക്സൈസിന് കൈമാറുകയായിരുന്നു. കൊടുവള്ളി പുതിയ പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കഞ്ചാവ് മാഫിയ സംഘാംഗമായ കാസർകോട് ഉപ്പള സ്വദേശി കിരൺ ആണ് പിടിയിലായത്.
എയ്സ് വണ്ടിയിൽ കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹൃത്തും സഹായിയുമായ ഉപ്പള സ്വദേശി നവീൻ രക്ഷപ്പെട്ടു. ഇയാളും നാട്ടുകാരുടെ പിടിയിലായെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുന്നതിനിടെ കുതറിയോടി തൊട്ടടുത്ത കൊടുവള്ളി പുഴയിൽ ചാടുകയായിരുന്നു. െപാലീസി െൻറയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ എക്സൈസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാലര കിലോ കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തു. ഹൈഡ്രോളിക് സംവിധാനത്തിൽ പ്രസ് ചെയ്ത് കേക്ക് രൂപത്തിൽ തയാറാക്കിയ ഉണക്ക കഞ്ചാവാണ് കസ്റ്റഡിയിൽ ലഭിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാസർകോട് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നു. ഇവരിൽനിന്നും കഞ്ചാവ് പൊതി ഏറ്റുവാങ്ങാൻ എത്തിയ തലശ്ശേരി സ്വദേശികളെ എക്സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഞ്ചാവ് പിടികൂടാൻ സഹായിച്ചവർക്ക് പാരിതോഷികം നൽകുമെന്ന് ഉത്തരമേഖല എക്സൈസ് ജോ. കമീഷണർ പി.കെ. സുരേഷ് അറിയിച്ചു.