മൂസോടി മലബാർനഗറിൽ കടലെടുത്തത് 18 വീട്; രണ്ടുവർഷത്തിനിടെയുണ്ടായത്‌ വൻ നാശം

0
207

ഉപ്പള : ഒരു ജന്മം മുഴുവനും പണിയെടുത്തുയർത്തിയ വീടുകൾ ഇന്നല്ലെങ്കിൽ നാളെ കടലിനോട് ചേരാൻ ഒരുങ്ങിനിൽക്കുകയാണ്‌ മുസോടി കടപ്പുറത്തെ മലബാർനഗറിൽ. അധികം പഴകാത്ത ഒരു കോൺക്രീറ്റ് റോഡുമാർഗമാണ് കടപ്പുറത്തേക്കെത്തുന്നത്. മണ്ണൊലിച്ചുപോയ റോഡിന്റെ കോൺക്രീറ്റ് പാളി കടലിലേക്ക് തള്ളിനില്ക്കുന്ന രംഗമാണ് അവിടേക്ക് സ്വാഗതം ചെയ്തത്. പിന്നീടാണറിഞ്ഞത് റോഡിന് 10 മീറ്ററുകൂടി നീളമുണ്ടായിരുന്നു. അതിപ്പോൾ മണലിനടിയിലുണ്ടത്രേ.

ഇസ്മായിലും റിയാസും ഉൾപ്പെടെ മലബാർനഗറിലെ താമസക്കാരെല്ലാവരും ഭയന്നിട്ടാണുള്ളത്. എപ്പോൾ വേണമെങ്കിലും തന്റെ വീടും പുരയിടവും കടലെടുക്കാമെന്ന ഭീതി അവരുടെയെല്ലാം മുഖത്ത് നിഴലിക്കുന്നുണ്ട്. ആറ് വീടുകളാണ് ഈ വർഷമുണ്ടായ കടലാക്രമണത്തിൽ തകർന്നത്. കഴിഞ്ഞവർഷത്തേതുൾപ്പെടെ മൊത്തം 18 വീടുകളാണ് ഈ ഭാഗത്തു മാത്രം തകർന്നത്.

ചുവന്ന സിമന്റിട്ട ചവിട്ടുപടി കയറിയപ്പോഴാണ് ഇസ്മായിൽ പറയുന്നത്, അത് റിയാസും മാതാവ് ഖദീജുമ്മായും താമസിച്ചിരുന്ന വീടിന്റെ പടികളാണെന്ന്‌. മണൽനിറഞ്ഞ ആ പടികൾ മാത്രമാണ് കടൽ ബാക്കിത്തന്നത്.

ഖദീജുമ്മായും കുടുബവും ഇപ്പോൾ സമീപത്തെ പഴയ ഒരു കെട്ടിടത്തിലാണ് താമസം. പ്രായാധിക്യത്താൽ ശരീരത്തിന്റെ ഒരുവശം തളർന്ന് കിടപ്പിലാണിവർ. മത്സ്യബന്ധനത്തിന് പോയണ് റിയാസ് കുടുംബം പോറ്റിയിരുന്നത്. എന്നാൽ കോവിഡും കടൽക്ഷോഭവും വന്നതോടെ അതും നിലച്ചു.

ഉറക്കത്തിനിടയിൽ കടൽ കയറിവന്നപ്പോൾ

ഈ വീടിന്റെ സമീപത്താണ് സഹോദരങ്ങളായ ഹനീഫയും ഗഫൂറും താമസിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കടൽ വീട്ടിനുള്ളിലേക്ക് അടിച്ചുകയറിയപ്പോൾ മക്കളെയും വാരിയെടുത്ത് ഇറങ്ങിയോടിയവരാണിവർ. പിന്നീട് കടലൊന്നടങ്ങിയപ്പോഴാണ് തിരികെയെത്തി സാധനങ്ങൾ മാറ്റിയത്. അപ്പോളേക്കും വീടിന്റെ ഒരുഭാഗം കടൽ കവർന്നിരുന്നു.

ഈ വീടിന് പിന്നിലായാണ് അഞ്ച് കുടുബങ്ങൾക്ക് കുടിവെള്ളമേകിയ പഞ്ചായത്ത് കിണർ ഉയർന്നുനിൽക്കുന്നത്. തൊട്ടടുത്ത് തന്നെയാണ് മജീദ്, മറിയുമ്മ, അസൈനാർ എന്നിവരുടെ വീടുകളും തകർന്നിരിക്കുന്നത്.

പത്തുവർഷം മുമ്പ് 21 ലക്ഷം രൂപ മുടക്കി വാങ്ങിയ മൂസ ഇബ്രാഹിമിന്റെ ഇരുനില വീടാണ് സമീപത്ത് തലയുയർത്തിനിന്നിരുന്നത്. എന്നാൽ കഴിഞ്ഞദിവസമുണ്ടായ കടലേറ്റത്തിൽ ഈ വീടും അപകടത്തിലായി. ശക്തമായ തിരയടിച്ചിലിൽ വീടിന്റെ പിൻഭാഗത്തുള്ള മണൽ പൂർണായും ഒലിച്ചുപോയിരിക്കുകയാണ്. ഏത് സമയവും ഇതു നിലംപൊത്താം. ഹോട്ടൽ ബിസിനസായിരുന്നു മൂസയുടെ ജോലി. ‘‘ഞങ്ങൾക്കുണ്ടായിരുന്നതെല്ലാം പോയി, ഇനി ബാക്കിയുള്ളത് ഞങ്ങൾ കുറച്ചുപേരുടെ ജീവൻ മാത്രമാണ്. മേലധികാരികൾ പോയിട്ട്, ഇവിടുത്തെ ജനപ്രതിനിധിപോലും ഞങ്ങളുടെ ദുരിതം കാണാനെത്തിയിട്ടില്ല.’’ ഇത് പറയുമ്പോൾ മൂസയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. കടൽ കവർന്ന ഒരു ഗ്രാമമാണിപ്പോൾ മൂസോടി കടപ്പുറത്തെ മലബാർനഗർ, ഇതിനു പുറമേ മണിമുണ്ട, ശാരദനഗർ, ഹനുമാൻനഗർ എന്നീ പ്രദേശങ്ങളിലും കടലേറ്റമുണ്ടായി. മലബാർനഗറിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്.

പുലിമുട്ടില്ലെങ്കിൽ അടുത്തവർഷം ഞങ്ങളുമുണ്ടാവില്ല

പുലിമുട്ടില്ലെങ്കിൽ അടുത്തവർഷം ഞങ്ങളും ഇവിടെ ബാക്കിയുണ്ടാവാൻ സാധ്യതയില്ല- കടപ്പുറം സ്വദേശിയായ ഇസ്മായിലിന്റെ വാക്കുകളാണിത്. മഞ്ചേശ്വം ഹാർബറിനോടനുബന്ധിച്ച് പണികഴിപ്പിക്കേണ്ടിയിരുന്ന പുലിമുട്ടിന്റെ നിർമാണം പൂർത്തിയാകാത്തതാണ് കടലേറ്റത്തിന് കാരണമെന്നാണ് ഇവിടത്തുകാരുടെ അഭിപ്രായം.

‘‘എനിക്ക് ഓർമവെച്ച കാലംമുതൽ ഈ കടൽക്കരയിലാണ് താമസിച്ചിരുന്നത്. ഹാർബർ വന്നതിനുശേഷം മാത്രമാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്. കഴിഞ്ഞവർഷം തകർന്ന പള്ളിയും വീടുകളും ദാ അവിടാണ് നിന്നത്.’’ കടലിനുള്ളിലേക്ക് ചൂണ്ടി ഇസ്മായിൽ പറഞ്ഞു.

കടൽഭിത്തിക്കായി കെട്ടിയ കല്ലിൻകൂട്ടങ്ങൾ ഇപ്പോൾ കടലിനുള്ളിലാണ്. ഒരു ഏക്കറിലധികം ഭൂമി ഇപ്പോൾ കടൽ കൈയേറിയിട്ടുണ്ട്.

‘‘വികസനം വരുന്നതിനോടെതിർപ്പില്ല പക്ഷേ, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം തരേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമല്ലേ, എന്റെ 15 സെന്റ് ഭൂമിയിൽ പകുതിയും ഇപ്പോൾ കടലിലാണ്. 15 തെങ്ങുകൾ കടൽ കൊണ്ടുപോയി. ഇപ്പോൾ വീടിരിക്കുന്ന ഭാഗം മാത്രമാണവശേഷിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 20-ന് ഗൾഫിലേക്ക് പോയതാണ് ഞാൻ. 15 ദിവസം അവിടെ പണിയെടുത്തു. അപ്പോളേക്കും ലോക്ഡൗണായി. പിന്നീട് മൂന്നുമാസം അവിടെ കഴിഞ്ഞു കൂടി. ഒടുവിൽ ജോലി നഷ്ടപ്പെട്ടു. പന്നീട് നാട്ടിലെത്തിയപ്പോഴേക്കും ആകെയുണ്ടായിരുന്ന വീടും പറമ്പും കടലിന്റെ ഭീഷണിയിലായി’’- ഇസ്മായിൽ പറയുന്നു.

അവഗണിച്ചമട്ടിൽ അധികൃതർ

മുസോടി കടപ്പുറത്ത് ഇത്രയധികം കടലേറ്റമുണ്ടായിട്ടും ഒന്ന് തിരിഞ്ഞുനോക്കാൻപോലും അധികൃതർ തയ്യാറായിട്ടില്ലെന്ന് സമീപവാസികൾ ആരോപിച്ചു. കഴിഞ്ഞദിവസം മഞ്ചേശ്വരം ഹാർബർവരെ വന്ന കളക്ടർ ഒന്നിവിടംവരെ വരാൻപോലും മനസ്സ് കാണിച്ചില്ല. നഷ്ടപരിഹാരം ലഭിക്കുമോയെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. കാരണം കഴിഞ്ഞവർഷം വീട് തകർന്നവരിൽ പലർക്കും ഇതുവരെ നഷ്ടപരിഹാരം മുഴുവനും ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here