“എന്നെ ഒറ്റയ്ക്കാക്കി പോവല്ലേ, മേലാകെ വല്ലാത്ത വേദന തോന്നുന്നു” എന്ന് പതിമൂന്നുകാരിയായ മകൾ റോബിൻ പറഞ്ഞപ്പോൾ അതിനെ അവളുടെ ‘അറ്റൻഷൻ സീക്കിങ് ഡിസോർഡർ‘ എന്ന് തള്ളുകയാണ് അവളുടെ അമ്മ ഷാരോൺ ഗോൾഡ്. സോഫയിൽ ചാരിക്കിടന്നു കൊണ്ട് അമ്മയോട് തന്റെ അടുത്ത് വന്നിരിക്കാൻ റോബിൻ പറഞ്ഞത് വല്ലാത്ത ക്ഷീണത്തോടെയാണ്. മകളുടെ സ്ഥിരം പല്ലവിയായി ആ പറച്ചിലിനെ കണ്ട ഷാരോൺ അത് കാര്യമാക്കാതെ തന്റെ സ്നേഹിതനൊപ്പം മദ്യപിക്കാനായി പബ്ബിലേക്ക് പോവുകയും ചെയ്തു. എന്നാൽ, തിരികെ വന്നപ്പോൾ അവർ കണ്ടത് അതേ സോഫയിൽ മരിച്ചു മരവിച്ചു കിടക്കുന്ന മകളെയാണ്.
ആദ്യം ഷാരോൺ കരുതിയത് മകൾ തന്നെ പറ്റിക്കാൻ വേണ്ടി മരിച്ചപോലെ അഭിനയിക്കുന്നതാണ് എന്നാണ്. ഏറെ നേരം കഴിഞ്ഞാണ് അവൾക്ക് ഏതോ കുഴപ്പമുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞതും, ഹെൽപ് ലൈനിൽ വിളിച്ച് കാര്യം പറയുന്നതും. വിളിച്ചു വരുത്തിയ പാരാമെഡിക്കിനോടും അവർ അങ്ങനെത്തന്നെയാണ് ആദ്യം പറഞ്ഞത്. എന്നാൽ, അധികം വൈകാതെ അവളുടെ മരണം സ്ഥിരീകരിക്കപ്പെട്ടു.
പിന്നീട്, ഷാരോണിന് മേൽ ആ കുഞ്ഞിന്റെ മരണത്തിനു കാരണക്കാരിയായി എന്ന പേരിൽ അന്വേഷണം നടന്നപ്പോഴാണ് അവൾക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ അവഗണനയുടെ പല കഥകളും പുറം ലോകം അറിയുന്നത്. മകൾക്ക് മൂന്നു നേരവും വിശപ്പടക്കാൻ വേണ്ട ഭക്ഷണം പോലും കൊടുക്കാൻ ശ്രദ്ധ വെച്ചിട്ടില്ലാത്ത വളരെ ഉദാസീനയായ ഒരു അമ്മയായിരുന്നു ഷാരോൺ. ചില നേരങ്ങളിൽ വിശപ്പടക്കാൻ വേണ്ടി ബ്രെഡ് വാങ്ങിത്തിന്നനായി ഒരു പൗണ്ട് അപരിചിതരോട് ഇരക്കേണ്ട സാഹചര്യം വരെ റോബിന് ഉണ്ടായിട്ടുണ്ട്.
ഉദരത്തിൽ വളർന്നുവന്ന അൾസർ പെട്ടെന്നൊരു ദിവസം മൂർച്ഛിച്ചതായിരുന്നു റോബിന്റെ മരണത്തിനു കാരണമായത്. നാലുവയസ്സുവരെ മാത്രമായിരുന്നു തന്റെ മകളെ ഷാരോൺ നോക്കിയത്. അതിനുശേഷം ഷാരോനിന്റെ അമ്മയുടെ സംരക്ഷണയിലായിരുന്നു അവൾ, ഏറെക്കുറെ സ്വസ്ഥമായ ഒരു ബാല്യം അതുകൊണ്ട് അവൾക്ക് ലഭിച്ചു. അതിനു ശേഷം മരണം സംഭവിക്കുന്നതിന് ഒരു വർഷം മുമ്പ് മാത്രമായാണ് റോബിൻ വീണ്ടും തന്റെ അമ്മയോടൊപ്പം പാർക്കാൻ എത്തുന്നത്.
മദ്യാസക്തിക്ക് അടിമയായിരുന്നു ഷാരോൺ. ഒരിക്കൽ കുഞ്ഞിനെ വേണ്ടപോലെ ശ്രദ്ധിക്കാതെ മദ്യപിച്ചു ലക്കുകെട്ട് നടന്നു എന്നപേരിൽ ഷാരോണിന്റെ പരിചരണത്തിൽ നിന്ന് അടർത്തിമാറ്റി കുഞ്ഞിനെ ചൈൽഡ് പ്രൊട്ടക്ഷന് നൽകിയിരുന്നു അധികൃതർ. അതിനു ശേഷമാണ് അവളെ അമ്മൂമ്മയ്ക്ക് കൈമാറിയത്. ഗ്ലാസ്‌കോ ഹൈക്കോടതിയിൽ വിചാരണക്കെത്തിയ കേസിൽ തന്റെ കുറ്റം സമ്മതിച്ചിരിക്കുകയാണ് അമ്മ ഷാരോൺ. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി സെക്കണ്ടറി വിദ്യാഭ്യാസം തുടരാൻ വേണ്ടിയാണ് ഗ്രാമത്തിലുള്ള അമ്മൂമ്മയുടെ അടുത്തുനിന്ന് റോബിൻ അമ്മ ഷാരോണിന്റെ അടുത്തേക്ക് താമസം മാറ്റുന്നത്. അതിനിടെയാണ് അവൾക്ക് വയറ്റിൽ അൾസർ ഉണ്ടാകുന്നത്. കഞ്ചാവിനും മദ്യത്തിനും അടിമയായിരുന്ന ഷാരോൺ, തന്റെ മകൾക്കുണ്ടായ ഈ ഗുരുതരരോഗം യഥാസമയത്ത് തിരിച്ചറിയുകയോ, വേണ്ടപോലെ ചികിത്സിക്കുകയോ ചെയ്യാൻ ശ്രദ്ധിച്ചില്ല എന്നത് മരണത്തിനു ഒരു പരിധിവരെ കാരണമായിട്ടുണ്ട്.
പലപ്പോഴും മദ്യലഹരിയിൽ വീട്ടിലെത്തിയിരുന്ന ഷാരോൺ മകൾക്ക് കഞ്ചാവ് ഓഫർ ചെയ്യുമായിരുന്നു എന്ന് റോബിന്റെ കൂട്ടുകാർ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കടുത്ത വയറുവേദന ഉണ്ട് എന്ന് പരാതിപ്പെട്ട മകൾക്ക് ഫാർമസിയിൽ നിന്ന് വേദനസംഹാരി ഗുളികകൾ വാങ്ങി നൽകിയിരുന്നു ഷാരോൺ. ജൂലൈ 21 -ന് ഇതുപോലെ ഒരിക്കൽ മകളെ വീട്ടിൽ അടച്ചിട്ട് വാതിൽ പുറത്തുനിന്ന് പൂട്ടിയാണ് ഷാരോൺ പബ്ബിലേക്ക് പോയത്. അതിന്റെ അടുത്ത ദിവസം റോബിൻ തന്റെ ക്‌ളാസ് മേറ്റിനെ വിളിച്ച് തനിക്ക് തീരെ സുഖമില്ല എന്നും, വിശന്നിട്ടുവയ്യ എന്നുമൊക്കെ പരാതി പറഞ്ഞിരുന്നു. പബ്ബിലേക്ക് പോകും വഴി മകൾ ദേഹമാസകലം വേദനിക്കുന്നു എന്ന് പരാതിപ്പെട്ടപ്പോൾ അതിനെ അവളുടെ അറ്റൻഷൻ സീക്കിങ് ഡിസോർഡർ എന്ന് ധൃതിപ്പെട്ടു മുദ്രകുത്താതെ പകരം ഒരു ആംബുലൻസ് വിളിച്ച് അവൾക്ക് വേണ്ട വൈദ്യസഹായം നൽകിയിരുന്നു എങ്കിൽ ഒരു പക്ഷെ റോബിൻ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് അവളുടെ സുഹൃത്തുക്കൾ പറഞ്ഞു.