കശ്മീർ (www.mediavisionnews.in): ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിൽ നിശ്ചയിച്ചിരുന്ന യോഗം നടത്താനായില്ല. കർശന നിയന്ത്രണങ്ങൾ കാരണമാണ് യോഗം നടത്താൻ കഴിയാതെ പോയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഒന്നാം വാർഷികം കൂട്ടംകൂടി ബിജെപി പ്രവർത്തകർ ആഘോഷിക്കുമ്പോൾ കശ്മീരിലെ നേതാക്കൾക്ക് രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേരാൻ പോലും അനുവാദമില്ലെന്ന് ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
‘ഒരു വർഷത്തിന് ശേഷവും ഒരു യോഗം ചേരാൻ പോലും ഞങ്ങൾക്ക് അനുമതി നൽകാൻ അധികൃതർക്ക് ഭയമാണ്. കശ്മീരിലെ ശരിക്കുള്ള അവസ്ഥയെന്തെന്ന് ഈ ഭയം ചൂണ്ടിക്കാട്ടുന്നു. ആഗസ്ത് 5 ആഘോഷിക്കാൻ ബിജെപിക്ക് അനുമതി ലഭിച്ചു. എന്നാൽ എന്റെ പിതാവിന്റെ വസതിയിൽ ഒരു യോഗം ചേരാൻ പോലും ഞങ്ങൾക്ക് അനുവാദമില്ല. എന്നിട്ട് ദേശീയ നേതാക്കൾ അത്ഭുതപ്പെടുകയാണ് ഇവിടെ രാഷ്ട്രീയ പ്രവർത്തനം എന്തുകൊണ്ടില്ലെന്ന്’..
വിജനമായ ഗുപ്കാർ റോഡിന്റെയും ബിജെപി പ്രവർത്തകരുടെ ആഘോഷത്തിന്റെയും ചിത്രങ്ങളും ഉമർ പങ്കുവെച്ചു- ഞങ്ങളുടെ വീടിന്റെ എതിർവശത്തായി പൊലീസ് വാഹനങ്ങളുണ്ട്. മറ്റ് വാഹനങ്ങൾക്ക് അനുമതിയില്ല. നിലവിലെ അവസ്ഥ ചർച്ച ചെയ്യാനാണ് എന്റെ പിതാവ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ വീട്ടിലേക്ക് ക്ഷണിച്ചത്. അവർക്ക് ആഘോഷിക്കാം, ഞങ്ങൾ യോഗം ചേരരുത്- ഇത് ബിജെപിയുടെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്നും ഉമർ അബ്ദുല്ല വിമർശിച്ചു.